ഉല്‍പാദനം വര്‍ധിച്ചതോടെ ഉള്ളിക്ക് വില കുറഞ്ഞു; കയറ്റുമതി തീരുവ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍; ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍
ഉല്‍പാദനം വര്‍ധിച്ചതോടെ ഉള്ളിക്ക് വില കുറഞ്ഞു
ന്യൂഡല്‍ഹി: ഉള്ളി വില 40 ശതമാനത്തോളം കുറഞ്ഞതിനു പിന്നാലെ കയറ്റുമതി തീരുവ കുറച്ച് കേന്ദ്രസര്‍ക്കാര്‍. ഉല്‍പാദനം വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഫെബ്രുവരി മുതല്‍ ഉള്ളിവിലയില്‍ രാജ്യവ്യപാകമായി 30-40 ശതമാനം കുറവുണ്ടായത്. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ വില ക്വിന്റലിന് 2,270 രൂപയില്‍ നിന്ന് 1,420 രൂപയായാണ് കുറഞ്ഞത്. 20 ശതമാനം കയറ്റുമതി തീരുവ കുറക്കാനുള്ള തീരുമാനം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 2024 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ ഇന്ത്യ 392 ദശലക്ഷം ഡോളറാണ് ഉള്ളി കയറ്റുമതിയിലൂടെ സമ്പാദിച്ചത്.
'റാബി വിളകള്‍ പ്രതീക്ഷിച്ച രീതിയില്‍ മാര്‍ക്കറ്റില്‍ എത്തിയതിനെ തുടര്‍ന്ന് മണ്ഡി, ചില്ലറ വില്‍പന വിലകള്‍ കുറഞ്ഞിട്ടുണ്ട്. ഈ ഘട്ടത്തില്‍, കര്‍ഷകര്‍ക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് മിതമായ വിലക്ക് ഉള്ളി ലഭ്യമാക്കുന്നതിനുമായാണ് തീരുമാനം. ഇതിനായുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ തീരുമാനം' - ഔദ്യോഗിക പ്രസ്താവനയില്‍ അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, 2024 സാമ്പത്തിക വര്‍ഷത്തില്‍ 500 ദശലക്ഷം ഡോളറാണ് ഈയിനത്തില്‍ രാജ്യത്തെത്തിയത്. ബംഗ്ലാദേശിലേക്കായിരുന്നു കയറ്റുമതിയുടെ 48 ശതമാനവും. തൊട്ടുപിന്നില്‍ മലേഷ്യയും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 17 ലക്ഷത്തിലേറെ ടണ്‍ ഉള്ളിയാണ് കയറ്റുമതി ചെയ്തത്. ഇക്കുറി മാര്‍ച്ച് 18 വരെ 11.6 ലക്ഷം ഉള്ളി രാജ്യത്തുനിന്ന് കയറ്റിയയച്ചിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളിലെ ഇതേ കാലയളവിനേക്കാള്‍ മൊത്ത വില കൂടുതലാണിപ്പോള്‍. എങ്കിലും രാജ്യത്തെ നിലവിലെ വിലയില്‍ നിന്ന് 39 ശതമാനം കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ശരാശരി ചില്ലറ വില്‍പന വില 10 ശതമാനം കുറഞ്ഞു. ആഗോള വിപണിയില്‍ ഇന്ത്യയുടെ വിപണി വിഹിതം നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള വ്യാപാരികളുടെ ആശങ്കകള്‍ക്കിടയിലാണ് കയറ്റുമതി തീരുവ നിര്‍ത്തലാക്കാനുള്ള തീരുമാനം.
ഈ വര്‍ഷം റാബി ഉള്ളി വിളവെടുപ്പ് 22.7 മില്യണ്‍ ടണ്ണാണ്. കഴിഞ്ഞ വര്‍ഷം ഇത് 19.2 ടണ്ണായിരുന്നു. ഇന്ത്യയുടെ ഉള്ളി ഉല്‍പാദനത്തില്‍ 7075 ശതമാനവും റാബി വിളവെടുപ്പ് വഴിയാണ്. മധ്യ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര മാര്‍ക്കറ്റില്‍ കൂടുതല്‍ ഉള്ളി എത്തിയതോടെയാണ് വിലയില്‍ ഇടിവുണ്ടായത്.