സിവില്‍ തര്‍ക്കങ്ങളെ ഗുരുതര വകുപ്പുള്ള ക്രിമിനല്‍ കേസുകളാക്കി മാറ്റുന്നത് അംഗീകരിക്കാന്‍ കഴിയില്ല; ഉത്തര്‍പ്രദേശ് പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. സിവില്‍ തര്‍ക്കങ്ങളെ ഗുരുതരവകുപ്പുള്ള ക്രിമിനല്‍ കേസുകളാക്കി മാറ്റുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.
ഇത്തരം രീതി തുടര്‍ന്നാല്‍ യുപി സര്‍ക്കാരിന്മേല്‍ പിഴ ചുമത്തേണ്ടി വരുമെന്നും കോടതി പറഞ്ഞു. കടം വാങ്ങിയ പണം തിരികെ നല്‍കാത്ത കേസുമായി ബന്ധപ്പെട്ടാണ് കോടതിയുടെ വിമര്‍ശനം. രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാംഗ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറലിനോട് കോടതി നിര്‍ദേശിച്ചു. കടം വാങ്ങിയ പണം തിരികെ നല്‍കാത്ത കേസില്‍ കുറ്റകരമായ വിശ്വാസ വഞ്ചന, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി സമര്‍പ്പിച്ച എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. നേരത്തെ ബുള്‍ഡോസര്‍ രാജുമായി ബന്ധപ്പെട്ടും യുപി സര്‍ക്കാരിനെ സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു.