മകളുടെ വിവാഹ നിശ്ചയത്തിന് കെജ്രിവാള്‍ ദമ്പതികളുടെ 'കപ്പിള്‍ ഡാന്‍സ്'; പുഷ്പ 2 പാട്ടിന് നൃത്തം ചെയ്തത് പഞ്ചനക്ഷത്ര ഹോട്ടലിലെ ചടങ്ങില്‍; ഭംഗ്ര ചുവടുകള്‍ വെക്കുന്ന ഭഗവന്ത് മന്നിന്റെ വീഡിയോയും വൈറല്‍
മകളുടെ വിവാഹ നിശ്ചയത്തിന് കെജ്രിവാള്‍ ദമ്പതികളുടെ 'കപ്പിള്‍ ഡാന്‍സ്'
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കോ-ഓര്‍ഡിനേറ്ററും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റേയും ഭാര്യ സുനിതാ കെജ്രിവാളിന്റേയും നൃത്തച്ചുവടുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. മകള്‍ ഹര്‍ഷിത കെജ്രിവാളിന്റെ വിവാഹനിശ്ചയത്തോടനുബന്ധിച്ചായിരുന്നു കെജ്രിവാള്‍ ദമ്പതികളുടെ 'കപ്പിള്‍ ഡാന്‍സ്'.
അല്ലു അര്‍ജുന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം പുഷ്പ 2-ലെ കണ്ടാലോ (ദി കപ്പിള്‍ സോങ്) എന്ന ഗാനത്തിന്റെ ഹിന്ദി പതിപ്പിനാണ് ഇരുവരും ചുവടുവെച്ചത്. ഡല്‍ഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചാണ് നേരത്തേ ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്.
കോളേജ് കാലത്തെ സുഹൃത്ത് സാംഭവ് ജെയിനുമായുള്ള ഹര്‍ഷിതയുടെ വിവാഹം ശനിയാഴ്ച നടന്നിരുന്നു. പഞ്ചാബ് മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ ഔദ്യോഗികവസതിയായ കപൂര്‍ത്തല ഹൗസില്‍ വെച്ചായിരുന്നു വിവാഹം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭംഗ്ര ചുവടുകള്‍ വെക്കുന്ന ഭഗവന്ത് മന്നിന്റെ വീഡിയോയും വൈറലായിട്ടുണ്ട്.
ജീവിതത്തില്‍ മാത്രമല്ല, ബിസിനസിലും പങ്കാളികളാണ് ഹര്‍ഷിതയും സാംഭവും. ബേസില്‍ ഹെല്‍ത്ത് എന്ന ഹെല്‍ത്ത്കെയര്‍ സ്റ്റാര്‍ട്ടപ്പ് ഇരുവരും ചേര്‍ന്നാണ് തുടങ്ങിയത്. അരവിന്ദ് കെജ്രിവാളിന്റേയും സുനിതാ കെജ്രിവാളിന്റേയും മൂത്ത മകളാണ് ഹര്‍ഷിത കെജ്രിവാള്‍. 2018-ല്‍ ബിരുദപഠനത്തിന് ശേഷം ഗുഡ്ഗാവിലെ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പിലാണ് ഹര്‍ഷിക തന്റെ കരിയര്‍ ആരംഭിച്ചത്. ഹര്‍ഷിതയുടെ സഹോദരന്‍ പുല്‍കിത് ഐഐടി ഡല്‍ഹിയില്‍ പഠിക്കുകയാണ്.