'ഊഹാപോഹങ്ങള്‍ ഔദ്യോഗിക വിവരങ്ങളായി പ്രചരിപ്പിക്കരുത്; പ്രതിരോധ പ്രവര്‍ത്തങ്ങളുടെയും സേന നീക്കങ്ങളുടെയും തല്‍സമയം സംപ്രേക്ഷണം പാടില്ല'; മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ക്ക് നല്‍കി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയുളള പ്രതിരോധ പ്രവര്‍ത്തങ്ങളുടെയും സേന നീക്കങ്ങളുടെയും തല്‍സമയം സംപ്രേക്ഷണം പാടില്ലെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഊഹാപോഹങ്ങള്‍ ഔദ്യോഗിക വിവരങ്ങളായി പ്രചരിപ്പിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ദേശീയ സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണം.
കാര്‍ഗില്‍ യുദ്ധം, മുംബൈ ഭീകരാക്രമണം, കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ തുടങ്ങിയ സമയത്തെ തല്‍സമയ സംപ്രേക്ഷണം ദേശീയ താല്‍പ്പര്യങ്ങളെ പ്രതികൂലമായി ബാധിച്ചെന്നും മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും വാര്‍ത്ത ഏജന്‍സികളും മാദ്ധ്യമങ്ങളും നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ തയ്യാറാകണം. രാജ്യസുരക്ഷ കണക്കിലെടുത്ത് ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
സുരക്ഷാ സേന നടത്തുന്ന ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തത്സമയ കവറേജ് ഉള്‍ക്കൊള്ളുന്ന ഒരു പരിപാടിയും സംപ്രേഷണം ചെയ്യാന്‍ പാടില്ല. അത്തരം സംപ്രേഷണം 2021 ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക്‌സ് (ഭേദഗതി) ചട്ടങ്ങളുടെ ലംഘനമാണെന്നും മന്ത്രാലയം വ്യക്തമാക്കി.