സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പിനെ കണ്ടെത്തി; ഭക്ഷ്യവിഷബാധ; 200 കുട്ടികള്‍ ആശുപത്രിയില്‍
സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പിനെ കണ്ടെത്തി
പട്‌ന: ബിഹാര്‍ പട്‌നയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പിനെ കണ്ടെത്തി. പാമ്പുവീണ ഉച്ചഭക്ഷണം നല്‍കിയതിനെ തുടര്‍ന്ന് ആരോഗ്യനില വഷളായ 200 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്‌ന ജില്ലയിലെ മൊകാമ സര്‍ക്കാര്‍ സ്‌കൂളില്‍ ചോറും ഉരുളക്കിഴങ്ങ് കറിയുമായിരുന്നു തയാറാക്കിയിരുന്നത്. ഉരുളക്കിഴങ്ങ് കറിയിലാണ് ചത്ത നിലയില്‍ പാമ്പിനെ കിട്ടിയത്.
ഒരു ഡസനോളം കുട്ടികള്‍ ഇത് കാണുകയും ഭക്ഷണം നല്‍കരുതെന്ന് പറയുകയും ചെയ്തിരുന്നുവെങ്കിലും സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു. ഭക്ഷണം കഴിച്ച 500 കുട്ടികളില്‍ 50ാളം പേരുടെ ആരോഗ്യ സ്ഥിതി ഉടന്‍ മോശമായി. ജനം തടിച്ചുകൂടിയതോടെ പൊലീസ് വന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ 150 കുട്ടികള്‍ കൂടി രോഗലക്ഷണം പ്രകടിപ്പിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരമായിരുന്നെന്നും അപകട നില തരണം ചെയ്‌തെന്നും ഡോക്ടര്‍ പറഞ്ഞു.
സംഭവം പുറത്തറിഞ്ഞതോടെ രക്ഷിതാക്കളും നാട്ടുകാരും ഒരു മണിക്കൂര്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് അധികൃതരെത്തി നടപടി ഉറപ്പുനല്‍കിയ ശേഷമാണ് ജനം പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവം അന്വേഷിക്കുകയാണെന്ന് ബി.ഡി.ഒ പറഞ്ഞു.