വീട്ടമ്മ പശുവിനെ കശാപ്പുകാർക്ക് വിറ്റെന്ന് ആരോപണം; കാര്യം അറിഞ്ഞെത്തിയ പോലീസ് ചെയ്തത്; മിനിറ്റുകൾക്കകം പണി കൊടുത്ത് അസി. കമ്മീഷണർ

Update: 2025-11-10 00:58 GMT

ബം​ഗളൂരു: കന്നുകാലികളെ വിറ്റ വീട്ടമ്മയുടെ വീട് സീൽ ചെയ്ത പൊലീസിന്റെ നടപടി അസിസ്റ്റന്റ് കമ്മീഷണർ റദ്ദാക്കി. കർണാടകയിലെ ധർമസ്ഥലയിൽ പുത്തൂർ അസിസ്റ്റന്റ് കമ്മീഷണർ സ്റ്റെല്ല വർഗീസ് ആണ് ഈ നടപടി റദ്ദാക്കിയത്. പത്രമേ ഗ്രാമത്തിലെ പട്ടുരു നിവാസി സുഹറയുടെ വീടാണ് കന്നുകാലികളെ കശാപ്പുകാർക്ക് വിറ്റെന്ന ആരോപണത്തെത്തുടർന്ന് ധർമസ്ഥല പൊലീസ് സീൽ ചെയ്തത്.

ഈ വിഷയത്തിൽ സി.പി.എം ബെൽത്തങ്ങാടി താലൂക്ക് സെക്രട്ടറി അഡ്വ. ബി.എം ഭട്ട്, അസിസ്റ്റന്റ് കമ്മീഷണർക്ക് നൽകിയ നിവേദനത്തിലൂടെയാണ് നടപടി ശ്രദ്ധയിൽ കൊണ്ടുവന്നത്. കന്നുകാലികളെ വിറ്റതിന്റെ പേരിൽ വീട് കണ്ടുകെട്ടിയ പൊലീസിന്റെ നടപടിയുടെ നിയമസാധുത ഭട്ട് ചോദ്യം ചെയ്തു. വീട് സീൽ ചെയ്തതോടെ വീട്ടമ്മയുടെ രണ്ട് പെൺമക്കൾ ഉൾപ്പെടെയുള്ള കുടുംബത്തിന് അഭയം നഷ്ടപ്പെട്ടതായും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സുഹറയുടെ കുടുംബം ക്ഷീരകർഷകരാണെന്നും ഒരു പശുവിനെയും രണ്ട് കിടാക്കളെയും വിറ്റതായിരുന്നു എന്നും പ്രദേശവാസികൾ വ്യക്തമാക്കി. കന്നുകാലികളെ വിൽക്കുന്നതും വാങ്ങുന്നതും കർഷകർക്കിടയിൽ സാധാരണമാണെന്നും, വാങ്ങുന്നവർ മൃഗങ്ങളെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന് വിൽപ്പനക്കാർക്ക് ഉത്തരവാദിത്തമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

നോട്ടീസോ വിശദീകരണത്തിനുള്ള അവസരമോ നൽകാതെ വീട് പിടിച്ചെടുത്തത് നിയമവിരുദ്ധമാണെന്നും, പ്രത്യേകിച്ചും സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന കുടുംബത്തോട് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ക്രൂരതയാണെന്നും ബി.എം ഭട്ട് അഭിപ്രായപ്പെട്ടു. പശുവിനെ വിൽക്കുന്നത് സ്വത്ത് കണ്ടുകെട്ടലിന് കാരണമാകുന്ന കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News