ആശയവിനിമയം സുതാര്യമായിരിക്കണം; ഭക്ഷണമടക്കം കരുതലെടുക്കണം; പാക്ക് വ്യോമമേഖല ഒഴിവാക്കിയതിനാല്‍ റൂട്ടുമാറ്റവും സമയവും യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ വ്യോമമേഖല ഒഴിവാക്കിയ പശ്ചാത്തലത്തില്‍ റൂട്ടുമാറ്റത്തെക്കുറിച്ചും സമയത്തെക്കുറിച്ചും യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്ന് വിമാനക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍.
ആശയവിനിമയം സുതാര്യമായിരിക്കണമെന്നും കൂടുതല്‍ സമയത്തെ യാത്രയ്ക്കായി വിമാനങ്ങളില്‍ ഭക്ഷണമടക്കം കരുതലെടുക്കണമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മാര്‍ഗനിര്‍ദേശം പുറത്തിറക്കി.
യാത്രികരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ചാണിത്. യാത്രാസമയം നീളുമെങ്കില്‍ അക്കാര്യവും യാത്രയ്ക്കിടയില്‍ എവിടെയെങ്കിലും നിര്‍ത്തുന്നുണ്ടെങ്കില്‍ അതും യാത്രക്കാരെ അറിയിക്കണം.
ഇക്കാര്യങ്ങള്‍ ചെക് ഇന്‍, ബോര്‍ഡിംഗ് സമയങ്ങളില്‍ അറിയിക്കുന്നതിനുപുറമേ ഡിജിറ്റല്‍ അലര്‍ട്ടുകളും നല്‍കണം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇതുതുടരണം. നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
അന്താരാഷ്ട്ര യാത്രകളില്‍ അടിയന്തരമായി നിര്‍ദേശങ്ങള്‍ നടപ്പാക്കാനും ആവശ്യപ്പെട്ടു. കഴിഞ്ഞദിവസമാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചത്.