കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്ന് കണ്ടെത്താനായില്ല; കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അന്വേഷണം അവസാനിപ്പിച്ച് ഇ.ഡി.
കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അന്വേഷണം അവസാനിപ്പിച്ച് ഇ.ഡി.
ന്യൂഡല്‍ഹി: 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അവസാനിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). ഇഡി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡല്‍ഹി കോടതി അംഗീകരിച്ചതോടെയാണ് 13 കൊല്ലമായി നീണ്ട കേസിന് അവസാനമായത്.
അന്വേഷണത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്ന് കണ്ടെത്താനായില്ലെന്ന ഇഡിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് സ്പെഷ്യല്‍ ജഡ്ജ് സഞ്ജീവ് അഗര്‍വാള്‍ റിപ്പോര്‍ട്ട് അംഗീകരിച്ചത്. ഗെയിംസിന്റെ ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന സുരേഷ് കല്‍മാഡി, സെക്രട്ടറി ജനറലായിരുന്ന ലളിത് ഭാനോട്ട് തുടങ്ങിയവര്‍ക്കെതിരേ ആയിരുന്നു ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നത്.
കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട രണ്ട് വലിയ കരാറുകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് വന്‍ സാമ്പത്തിക ക്രമക്കേടുണ്ടായി എന്നായിരുന്നു ആരോപണം. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസ് 2014-ല്‍ അവസാനിപ്പിച്ചിരുന്നു. സിബിഐയുടെ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണം അന്നത്തെ യുപിഎ സര്‍ക്കാരിനെതിരേ ബിജെപി ആയുധമാക്കിയിരുന്നു.