അര്‍ധരാത്രി കാമുകിയെ കാണാനെത്തി; വീട്ടിനുള്ളില്‍ കടക്കാനുള്ള ശ്രമത്തിനിടെ 18-കാരനെ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നു
അര്‍ധരാത്രി കാമുകിയെ കാണാനെത്തി; 18-കാരനെ വെടിവെച്ച് കൊന്നു
ലഖ്നൗ: അര്‍ധരാത്രി കാമുകിയെ കാണാനെത്തിയ 18-കാരന് ദാരുണാന്ത്യം. പെണ്‍കുട്ടിയുടെ പിതാവ് കൗമാരക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഇട്ടാവ ജില്ലയിലെ ഖേദഹേലു ഗ്രാമത്തിലാണ് സംഭവം. ഔരയ്യ സ്വദേശിയും ഖേദഹേലുവില്‍ താമസക്കാരനുമായ ലവ്കുശ് ആണ് കൊല്ലപ്പെട്ടത്. കേസില്‍ ലവ്കുശിന്റെ കാമുകിയുടെ പിതാവ് അനില്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഖേദഹേലു ഗ്രാമത്തില്‍ സഹോദരിക്കൊപ്പമായിരുന്നു ലവ്കുശ് താമസിച്ചിരുന്നത്. ഇതിനിടെ അനില്‍കുമാറിന്റെ മകളുമായി അടുപ്പത്തിലായി. തിങ്കളാഴ്ച രാത്രി കാമുകിയെ കാണാനായി യുവാവ് അനില്‍കുമാറിന്റെ വീട്ടിലെത്തി. തുടര്‍ന്ന് വീട്ടിനുള്ളില്‍ കടക്കാനുള്ള ശ്രമത്തിനിടെയാണ് യുവാവിനെ അനില്‍കുമാര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.
വെടിയൊച്ചകേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ അനില്‍കുമാറിന്റെ വീടിന് സമീപം ചോരയില്‍കുളിച്ചനിലയിലാണ് ലവ്കുശിനെ കണ്ടത്. ഇതോടെ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ അനില്‍കുമാറിനെ കസ്റ്റഡിയിലെടുത്തതായും ഇയാളില്‍നിന്ന് തോക്ക് പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.