ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ കര്‍താര്‍പൂര്‍ ഇടനാഴി അടച്ചു; തീര്‍ഥാടകരെ കടത്തിവിടില്ല

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ കര്‍താര്‍പൂര്‍ ഇടനാഴി അടച്ചു; തീര്‍ഥാടകരെ കടത്തിവിടില്ല

Update: 2025-05-07 13:58 GMT

ചണ്ഡീഗഢ്: സിന്ദൂര്‍ ഓപറേഷന് പിന്നാലെ പഞ്ചാബിലെ കര്‍താര്‍പൂര്‍ ഇടനാഴി താല്‍കാലികമായി അടച്ചു. സിഖ് മത സ്ഥാപകനായ ഗുരു നാനാക് ദേവിന്റെ അന്ത്യവിശ്രമ സ്ഥലമായ പാക്കിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയെയും ഗുരുദാസ്പൂര്‍ ജില്ലയിലെ ദേര ബാബ നാനാക് ദേവാലയത്തെയും ബന്ധിപ്പിക്കുന്നതാണ് കര്‍താര്‍പൂര്‍ ഇടനാഴി. ബുധനാഴ്ച ഗുരുദ്വാര സന്ദര്‍ശിക്കാന്‍ തീര്‍ഥാടകരെ അനുവദിക്കില്ല. ബുധനാഴ്ച രാവിലെ നിരവധി തീര്‍ഥാടകര്‍ കര്‍താര്‍പൂരിലേക്ക് എത്തിയെങ്കിലും അവരോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

2019 നവംബര്‍ 9 ന് ഗുരുനാനാക് ദേവിന്റെ 550ാം ജന്മവാര്‍ഷിക ദിനത്തിലാണ് കര്‍താര്‍പൂര്‍ ഇടനാഴി തുറന്നത്. എല്ലാ മതങ്ങളിലുമുള്ള ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ഗുരുനാനാക് ദേവിന്റെ അന്ത്യവിശ്രമ സ്ഥലമായ കര്‍താര്‍പൂരിലെ ചരിത്രപ്രസിദ്ധമായ ഗുരുദ്വാരയിലേക്ക് വര്‍ഷം മുഴുവനും വിസ രഹിത യാത്ര നടത്താന്‍ കഴിയും. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം ഒരു ദിവസം 5,000 തീര്‍ഥാടകരെയാണ് ഗുരുദ്വാര സന്ദര്‍ശിക്കാന്‍ അനുവദിക്കുക.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.05നായിരുന്നു കരസേനയുടെ സിന്ദൂര്‍ ഓപറേഷന്‍. പഹല്‍ഗാമില്‍ 26പേരുടെ ജീവനെടുത്ത ഭീകരരുടെ ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യയുടെ നീക്കം. പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്.

Similar News