ഭീകരര്‍ക്ക് ശിക്ഷയില്‍ നിന്ന് മോചനം ലഭിക്കില്ല; ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണച്ച് ഋഷി സുനക്

ഭീകരര്‍ക്ക് ശിക്ഷയില്‍ നിന്ന് മോചനം ലഭിക്കില്ല; ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണച്ച് ഋഷി സുനക്

Update: 2025-05-07 14:04 GMT

ലണ്ടന്‍: ഓപ്പറേഷന്‍ സിന്ദൂരിനെ പിന്തുണച്ച് മുന്‍ യു.കെ പ്രധാനമന്ത്രി ഋഷി സുനക്. 'മറ്റൊരു രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള ഭൂമിയില്‍ നിന്ന് തങ്ങള്‍ക്കെതിരെ നടക്കുന്ന ഭീകരാക്രമണങ്ങളെ ഒരു രാജ്യവും അംഗീകരിക്കേണ്ടതില്ല. തീവ്രവാദികള്‍ക്ക് ശിക്ഷയില്‍ നിന്ന് മോചനം ലഭിക്കില്ല.' സുനക് എക്സില്‍ പോസ്റ്റ് ചെയ്തു.

ജമ്മു കശ്മീരിലെ പഹല്‍ഗാം ആക്രമണത്തെ സുനക് നേരത്തെ അപലപിച്ചിരുന്നു. യു.കെ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

'പഹല്‍ഗാമിലെ ക്രൂരമായ ആക്രമണം നവദമ്പതികളുടെയും കുട്ടികളുടെയും കുടുംബങ്ങളുടെയും ജീവിതങ്ങള്‍ കവര്‍ന്നെടുത്തു. ദുഃഖിക്കുന്നവര്‍ക്കൊപ്പം യു.കെ നിലകൊള്ളുന്നുവെന്നും ഭീകരത ഒരിക്കലും വിജയിക്കില്ലെന്നും ഞങ്ങള്‍ ഇന്ത്യയുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന് പിന്തുണക്കാന്‍ തന്റെ രാജ്യം തയ്യാറാണെന്ന് യു.കെ വ്യാപാര സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സ് പറഞ്ഞു.

ഞങ്ങള്‍ ഇരു രാജ്യങ്ങളുടെയും സുഹൃത്തും പങ്കാളിയുമാണെന്നതിനാല്‍ ഇരു രാജ്യങ്ങളെയും പിന്തുണക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും പ്രാദേശിക സ്ഥിരതയും സംഘര്‍ഷം ലഘൂകരിക്കുന്നതിനും ഇരു കൂട്ടര്‍ക്കും താല്‍പര്യമുള്ളതിനാല്‍ അതിനായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം ബി.ബി.സി റേഡിയോയോട് പറഞ്ഞു.

Similar News