ഛത്തിസ്ഗഢില്‍ ഏറ്റുമുട്ടല്‍; 22 നക്‌സലുകള്‍ കൊല്ലപ്പെട്ടു; നടപടി തുടരുമെന്ന് അധികൃതര്‍

ഛത്തിസ്ഗഢില്‍ ഏറ്റുമുട്ടല്‍; 22 നക്‌സലുകള്‍ കൊല്ലപ്പെട്ടു; നടപടി തുടരുമെന്ന് അധികൃതര്‍

Update: 2025-05-07 16:18 GMT

ബിജാപുര്‍: ഛത്തിസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 22 നക്‌സലുകള്‍ കൊല്ലപ്പെട്ടു. കരേഗുട്ട കുന്നുകളിലെ വനപ്രദേശത്ത് ബുധനാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇതോടെ ഓപറേഷന്‍ സങ്കല്‍പ് എന്ന പേരില്‍ സംസ്ഥാനത്ത് ആരംഭിച്ച നക്‌സല്‍ വിരുദ്ധ നടപടിയുടെ ഭാഗമായി കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി.

നൂറുകണക്കിന് നക്‌സല്‍ ഒളിത്താവളങ്ങളും ബങ്കറുകളും തകര്‍ത്തുവെന്നും സ്‌ഫോടകവസ്തുക്കള്‍, ഡിറ്റണേറ്ററുകള്‍, മരുന്നുകള്‍ തുടങ്ങിയവയുടെ വന്‍ ശേഖരം പിടിച്ചെടുത്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. നടപടി തുടരുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ജില്ല റിസര്‍വ് ഗാര്‍ഡ്, ബസ്തര്‍ ഫൈറ്റേഴ്സ്, സ്‌പെഷല്‍ ടാസ്‌ക് ഫോഴ്സ്, പൊലീസ്, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ്, കോബ്ര എന്നിവയുള്‍പ്പെടെ വിവിധ യൂനിറ്റുകളില്‍ നിന്നുള്ള 24,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതാണ് ഓപറേഷന്‍ സങ്കല്‍പ്.

തിങ്കളാഴ്ച അഞ്ച് വനിതാ നക്‌സലുകളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഛത്തിസ്ഗഢില്‍ ഈ വര്‍ഷം വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ട നക്‌സലുകളുടെ എണ്ണം ഇതോടെ 168 ആയി. ഇതില്‍ 151 പേരും ബിജാപുര്‍ ഉള്‍പ്പെടെ ഏഴ് ജില്ലകള്‍ ഉള്‍പ്പെടുന്ന ബസ്തര്‍ ഡിവിഷനില്‍നിന്നാണ്.

Similar News