'ജോലിക്ക് പകരം ഭൂമി' അഴിമതി കേസ്; ലാലു പ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ രാഷ്ട്രപതിയുടെ അനുമതി

'ജോലിക്ക് പകരം ഭൂമി' അഴിമതി കേസ്; ലാലു പ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ രാഷ്ട്രപതിയുടെ അനുമതി

Update: 2025-05-08 15:45 GMT

ന്യൂഡല്‍ഹി: 'ജോലിക്ക് പകരം ഭൂമി' അഴിമതി കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ രാഷ്ട്രപതി അനുമതി നല്‍കി. ക്രിമിനല്‍ നടപടിച്ചട്ടം സെക്ഷന്‍ 197(1) പ്രകാരമാണ് (ഇപ്പോള്‍ ഭാരതീയ ന്യായ സംഹിത 2023, സെക്ഷന്‍ 218) രാഷ്ട്രപതിയുടെ അനുമതി. റെയില്‍വെ മന്ത്രിയായിരിക്കെ 'ഭൂമിക്ക് പകരം ജോലി' എന്ന പേരില്‍ നടപ്പാക്കിയ പദ്ധതിയുടെ പേരില്‍ ഉയര്‍ന്ന കള്ളപ്പണ ആരോപണത്തിലാണ് ലാലു പ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുമതി നല്‍കിയതെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരം അന്വേഷണം ആരംഭിച്ചത്. 2004 മുതല്‍ 2009 വരെ റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് റെയില്‍വെയിലെ ഗ്രൂപ്പ് ഡി തസ്തികകളില്‍ നിയമനം നടത്തിയതിന് പകരമായി ഭൂമി സ്വീകരിച്ചു എന്നാണ് ലാലു പ്രസാദ് യാദവിനെതിരെയുള്ള ആരോപണം.

ജോലി നേടാന്‍ ആഗ്രഹിക്കുന്നവരോ അവരുടെ കുടുംബാംഗങ്ങളോ നല്‍കിയ ഭൂമി ലാലുവിന്റെകുടുംബാംഗങ്ങളുടെ പേരില്‍ നേരിട്ടോ അല്ലാതെയോ രജിസ്റ്റര്‍ ചെയ്തു നല്‍കിയതായാണ് ആരോപണം. റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് പകരം കൈക്കൂലിയായി ഭൂമി വാങ്ങിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങളുടെ പേരിലാണ് ഈ ഭൂമിയൊക്കെ നേരിട്ടോ അല്ലാതെയോ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഈ കേസില്‍ സിബിഐ മൂന്ന് കുറ്റപത്രങ്ങളും അനുബന്ധ കുറ്റപത്രങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.

Similar News