ഹൃദയതാളത്തിന്റെ വേഗം കുറഞ്ഞു; പേസ് മേക്കര്‍ കരുത്തില്‍ ജീവിതത്തിലേക്ക് തിരികെ കയറി പില്ലു പൂച്ച: ഇന്ത്യയില്‍ ആദ്യം
പേസ് മേക്കര്‍ കരുത്തില്‍ ജീവിതത്തിലേക്ക് തിരികെ കയറി പില്ലു പൂച്ച
പുണെ: ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിയതോടെ പേസ് മേക്കറിന്റെ സഹായത്താല്‍ ജീവിതത്തിലേക്ക് തിരികെ കയറുകയാണ് ഏഴുവയസ്സുള്ള പുണെക്കാരിയായ പില്ലുവെന്ന പൂച്ച. ഇന്ത്യയില്‍ ആദ്യമായാണ് പൂച്ചയില്‍ പേസ്മേക്കര്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുന്നത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ പില്ലു ആരോഗ്യം വീണ്ടെടുത്തു വരുന്നു.
സാധാരണ 140 മുതല്‍ 220 സ്പന്ദനങ്ങള്‍വരെയാണ് പൂച്ചയ്ക്കുള്ളത്. രണ്ടുവര്‍ഷംമുന്‍പ് പില്ലുവിന് മോണവീക്കം വന്നിരുന്നതായി ഉടമ അജയ് പറയുന്നു. ഇതിനു തുടര്‍ച്ചയായാണ് മയോകാര്‍ഡൈറ്റിസ് കണ്ടെത്തുന്നത്. അപകടകരമായ നിലയില്‍ ഹൃദയമിടിപ്പ് കുറഞ്ഞതിനെത്തുടര്‍ന്നാണ് പില്ലുവിന് പേസ്മേക്കര്‍ ഘടിപ്പിക്കാന്‍ ഉടമയും വെറ്ററിനറി ഡോക്ടറും തീരുമാനിച്ചത്.
രണ്ടുവര്‍ഷം മുന്‍പുവരെ പൂച്ച വീട്ടിലെ അലമാരയുടെ മുകളിലേക്ക് ചാടുന്നത് പതിവായിരുന്നുവെന്ന് പില്ലുവിന്റെ ഉടമ അജയ് ഹിരുള്‍ക്കര്‍ പറഞ്ഞു. പിന്നീട് അവശതയിലായി. ഹൃദയപേശികളില്‍ അണുബാധയുണ്ടാകുന്ന സ്ഥിതിവിശേഷമാണ് മയോകാര്‍ഡൈറ്റിസ്. ഇത് ഹൃദയമിടിപ്പ് വലിയ അളവില്‍ കുറയാന്‍ കാരണമാകും. ആവശ്യത്തിനു രക്തം പമ്പുചെയ്യാനുള്ള ഹൃദയത്തിന്റെ ശേഷി കുറയ്ക്കുകയും ചെയ്യും.
പുണെയിലെ റെയിന്‍ ട്രീ വെറ്ററിനറി ക്ലിനിക് ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ ഡോ. ഫിറോസ് ഖംബട്ടയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. രാജേഷ് കൗശിഷ്, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. സോണാലി ഇനാംദാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. രാജ്യത്ത് പൂച്ചയ്ക്ക് പേസ്മേക്കര്‍ ഘടിപ്പിക്കുന്നത് ആദ്യമാണ്. 2020-ല്‍ ഡല്‍ഹിയില്‍ നായയില്‍ പേസ്മേക്കര്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയിരുന്നു.