അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍; സുപ്രധാന തീരുമാനവുമായി എയര്‍പോര്‍ട്ട് അതോറിറ്റി; അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നു
അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നു
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നു. പാകിസ്ഥാന്‍ അതിര്‍ത്തി മേഖലയില്‍ നടത്തിയ ആക്രമണശ്രമത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട രാജ്യത്തെ വിമാനത്താവളങ്ങളാണ് തുറന്നത്. അതിര്‍ത്തി സംസ്ഥാനങ്ങളിലെ 32 വിമാനത്താവളങ്ങള്‍ തുറക്കാനുള്ള സുപ്രധാന തീരുമാനമാണ് എയര്‍പോര്‍ട്ട് അതോറ്റിറ്റി ഓഫ് ഇന്ത്യ (എഎഐ) എടുത്തത്.
തീരുമാനം വന്നതിന് പിന്നാലെ ചണ്ഡിഗഢ് വിമാനത്താവളം തുറന്നു. വിമാനത്താവളങ്ങള്‍ തുറന്ന് വാണിജ്യ വിമാന സര്‍വീസുകള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് അറിയിപ്പ്. മൂന്നു ദിവസത്തിനുശേഷമാണ് വിമാനത്താവളങ്ങള്‍ തുറന്നത്. മെയ് 15വരെ വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇന്ത്യ - പാക് വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വരികയും അതിര്‍ത്തി ശാന്തമായതായി സൈന്യം വിലയിരുത്തിയതോടെയുമാണ് വിമാനത്താവളങ്ങള്‍ തുറന്നത്. അടച്ച 25 വ്യോമപാതകളിലെയും നോട്ടെം (അടച്ചിടാനുള്ള നോട്ടീസ്) പിന്‍വലിച്ചു. അന്താരാഷ്ട്ര വിമാനസര്‍വീസുകളടക്കം വീണ്ടും തുടങ്ങും.
തുറന്ന വിമാനത്താവളങ്ങള്‍: ശ്രീനഗര്‍, ജമ്മു, ഹിന്‍ഡണ്‍, അധംപൂര്‍, അമൃത്സര്‍, സര്‍സാവ, ഉത്തര്‍ലായ്, അവന്തിപൂര്‍, അംബാല, കുളു, ലുധിയാന, കിഷന്‍ഗഢ്, പട്യാല, ഷിംല, കംഗ്ര, ഭട്ടിന്‍ഡ, ജയ്‌സാല്‍മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍, ഹല്‍വാര, പഠാന്‍കോട്ട്, ലേ, ചണ്ഡീഗഢ്, നല്യ, തോയ്‌സ് എന്നിവയും മുംബൈ ഫ്‌ലൈറ്റ് ഇന്‍ഫോമേഷന്‍ റീജ്യണിന് കീഴിലുള്ള മുന്ധ്ര, ജാംനഗര്‍, രാജ്‌കോട്ട്, പോര്‍ബന്ദര്‍, കണ്ട്‌ല, കേശോഡ്, ഭുജ്.
അതേസമയം,യാത്രക്കാര്‍ നേരത്തേ എത്തണമെന്ന നിബന്ധനയ്ക്ക് മാറ്റമില്ല. ചെക്കിന്‍ ചെയ്യുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും യാത്രക്കാര്‍ എത്തണം. ചെക്കിന്‍ ഗേറ്റുകള്‍ 75 മിനിറ്റ് മുന്നേ അടയ്ക്കും. ഉത്തരേന്ത്യയിലെ പല ചെറുവിമാനത്താവളങ്ങളും അടച്ചതുമൂലം ഡല്‍ഹി വിമാനത്താവളത്തില്‍ തിരക്കേറുകയും ചെയ്തിരുന്നു രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ദേഹപരിശോധനയും ഐഡി പരിശോധനയും കൂടുതല്‍ കര്‍ശനമാക്കിയിരുന്നു.