നീരജ് ചോപ്രയ്ക്ക് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി; ഉത്തരവ് പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം

നീരജ് ചോപ്രയ്ക്ക് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി

Update: 2025-05-14 14:19 GMT

ന്യൂഡല്‍ഹി: രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ നീരജ് ചോപ്രയെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു. പ്രതിരോധ മന്ത്രാലയം ഇന്ന് പുറത്തുവിട്ട പ്രസ്താവനയിലരാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 16 മുതല്‍ നിയമനം പ്രാബല്യത്തില്‍ വന്നതായും പ്രസ്താവനയില്‍ പറയുന്നു. ടോക്കിയോ ഒളിമ്പിക്സില്‍ പുരുഷന്മാരുടെ ജാവലിനില്‍ സ്വര്‍ണം നേടിയ ശേഷം, ജനുവരി 22ന് അദ്ദേഹത്തിന്റെ വിശിഷ്ട സേവനത്തിന് 4 രജ്പുത്താന റൈഫിള്‍സ് അദ്ദേഹത്തിന് പരം വിശിഷ്ട് സേവാ മെഡല്‍ നല്‍കി ആദരിച്ചിരുന്നു.

2016 ഓഗസ്റ്റ് 26ന് ഇന്ത്യന്‍ ആര്‍മിയില്‍ നായിബ് സുബേദാര്‍ റാങ്കില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായും നീരജ് ചോപ്ര ചേര്‍ന്നിരുന്നു. മുന്‍ ലോക ചാമ്പ്യനായ നീരജിന് 2022-ല്‍ ഇന്ത്യയുടെ നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീയും ലഭിച്ചു. വെള്ളിയാഴ്ച ദോഹ ഡയമണ്ട് ലീഗില്‍ താരം തന്റെ സീസണ്‍ ആരംഭിക്കും, തുടര്‍ന്ന് മെയ് 23 ന് പോളണ്ടിലെ ചോര്‍സോവില്‍ നടക്കുന്ന 71-ാമത് ജാനുസ് കുസോസിന്‍സ്‌കി മെമ്മോറിയല്‍ എന്ന വേള്‍ഡ് അത്‌ലറ്റിക്സ് കോണ്ടിനെന്റല്‍ ടൂര്‍ (സില്‍വര്‍ ലെവല്‍) മീറ്റിലും അദ്ദേഹം മത്സരിക്കും.

ജൂണ്‍ 24 ന് ചെക്ക് റിപ്പബ്ലിക് നടക്കുന്ന ഒസ്ട്രാവ ഗോള്‍ഡന്‍ സ്പൈക്ക് 2025 അത്‌ലറ്റിക്സ് മീറ്റിലും നീരജ് പങ്കെടുക്കും. കഴിഞ്ഞ രണ്ട് പതിപ്പുകളില്‍ പരിക്കുകള്‍ കാരണം താരം പിന്മാറിയിരുന്നു. ഇത്തവണ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ് നീരജ്. സീസണിലെ ആദ്യ മത്സരത്തില്‍ വിജയത്തോടെയാണ് നീരജ് തുടങ്ങിയത്. പോഷ് ഇന്‍വിറ്റേഷനല്‍ ട്രാക്ക് ഇവന്റില്‍ 84.52 മീറ്റര്‍ കുറിച്ചാണ് നീരജ് ഒന്നാമതെത്തിയത്.

Similar News