വേട്ടയാടുന്നതിനിടെ മാനാണെന്ന് കരുതി യുവാവിനെ വെടിവെച്ചു കൊന്നു; ബന്ധുക്കള്‍ അറസ്റ്റില്‍
വേട്ടയാടുന്നതിനിടെ മാനാണെന്ന് കരുതി യുവാവിനെ വെടിവെച്ചു കൊന്നു; ബന്ധുക്കള്‍ അറസ്റ്റില്‍
കോയമ്പത്തൂര്‍: കാട്ടില്‍ വേട്ടയാടുന്നതിനിടെ മാനാണെന്ന് കരുതി യുവാവിനെ ബന്ധുക്കളായ യുവാക്കള്‍ വെടിവെച്ചു കൊന്നു. കാരമട ഫോറസ്റ്റ് റേഞ്ചില്‍ പില്ലൂര്‍ അണക്കെട്ടിനു സമീപമുള്ള അത്തിക്കടവ് വനത്തിലേക്കു വേട്ടയാടാന്‍ പോയ സുരണ്ടൈമല ഗ്രാമത്തിലെ സഞ്ജിത്ത് (23) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഞ്ജിത്തിന്റെ ബന്ധുക്കളായ കാരമട വെള്ളിയങ്കാട് കുണ്ടൂര്‍ കെ.മുരുകേശന്‍ (37), അന്‍സൂര്‍ സ്വദേശി എന്‍.പാപ്പയ്യന്‍ (കലിയ സ്വാമി- 50) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രിയാണ് മാന്‍വേട്ടയ്ക്കായി മൂവരും നാടന്‍ തോക്കുമായി കാട്ടിലേക്കു പോയത്. മൂവരും മദ്യലഹരിയിലായിരുന്നു. വേട്ട തുടരുന്നതിനിടെ പാപ്പയ്യന്‍ സഞ്ജിത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. തുടര്‍ന്ന് പ്രതികള്‍ സംഭവസ്ഥലത്തു നിന്ന് കടന്നു. പിന്നീട് നാട്ടുകാരില്‍ നിന്നു വിവരമറിഞ്ഞ പില്ലൂര്‍ പൊലീസ് സഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തി മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.
ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന മുരുകേശനെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്തപ്പോഴാണ് കഥകള്‍ അറിഞ്ഞത്. പാപ്പയ്യന്‍ ഒളിവില്‍ കഴിയുന്ന സ്ഥലവും മുരുകേശന്‍ പറഞ്ഞതോടെ ഇയാളെ പിടികൂടുകയായിരുന്നു.