കര്‍ണാടകയില്‍ അണിയറ നീക്കങ്ങള്‍: മുഖ്യമന്ത്രി കസേരയിലേക്ക് ഇപ്പോള്‍ നോട്ടമില്ലെന്ന് ഡി.കെ. ശിവകുമാര്‍

മുഖ്യമന്ത്രി കസേരയിലേക്ക് ഇപ്പോള്‍ നോട്ടമില്ലെന്ന് ഡി.കെ. ശിവകുമാര്‍

Update: 2025-07-01 17:02 GMT

ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് എതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗം പടയൊരുക്കം നടത്തുന്നതിനിടെ തനിക്ക് പെട്ടെന്ന് മുഖ്യമന്ത്രിയാകണമെന്ന ചിന്തയില്ലെന്നും 2028ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോഴേക്കും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി തുടര്‍ഭരണം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ അച്ചടക്കത്തിനാണ് ഏറ്റവും പ്രാധാന്യമെന്നും ഇന്ത്യ ടുഡേക്ക് നല്‍കിയ മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി.

''പാര്‍ട്ടിയും അച്ചടക്കവുമാണ് പ്രധാനം. ബെലഗാവിയിലെ വര്‍ക്കിങ് കമ്മിറ്റി തീരുമാനിച്ച സംഘടനാ മാറ്റത്തിന്റെ വര്‍ഷമാണിത്. രാജ്യത്തുടനീളം, എല്ലാ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡി.സി.സി) ഓഫീസുകളും കൂടുതല്‍ ശക്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ഓഫിസ് പണിയുന്നതിനുള്ള ഉത്തരവാദിത്തം നിയമസഭാംഗങ്ങള്‍ ഏറ്റെടുക്കണം'' -ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

ഡി.കെയെ അടുത്ത രണ്ടര വര്‍ഷത്തേക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന കോണ്‍ഗ്രസ് എം.എല്‍.എയുടെ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തോട്, തനിക്ക് ആരുടെയും പിന്തുണ ആവശ്യമില്ലെന്നും മുഖ്യമന്ത്രി കസേരയിലേക്ക് ഇപ്പോള്‍ നോട്ടമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ പ്രാധാന്യം നല്‍കുന്നത് അടുത്ത തെരഞ്ഞെടുപ്പിലും അധികാരം നിലനിര്‍ത്തുന്നതിനാണെന്നും ഡി.കെ പറഞ്ഞു. കര്‍ണാടകയില്‍ നേതൃമാറ്റത്തിന് ആലോചനയില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല വ്യക്തമാക്കിയതിനു പിന്നാലെയാണ് ഡി.കെ. ശിവകുമാറിന്റെ പ്രതികരണം വന്നത്.

Similar News