റോയിട്ടേഴ്‌സിന്റെ എക്‌സ് അക്കൗണ്ട് വിലക്കിയതില്‍ പങ്കില്ല; പ്രശ്നം പരിഹരിക്കാന്‍ എക്സുമായി ബന്ധപ്പെട്ടുവെന്ന് ഇന്ത്യ
റോയിട്ടേഴ്‌സിന്റെ എക്‌സ് അക്കൗണ്ട് വിലക്കിയതില്‍ പങ്കില്ല
ന്യൂഡല്‍ഹി: റോയിട്ടേഴ്‌സ് വാര്‍ത്ത ഏജന്‍സിയുടെ എക്‌സ് അക്കൗണ്ട് ബ്ലോക്കായതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വിശദീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാറാണ് എക്‌സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന വാര്‍ത്തകള്‍ കേന്ദ്രം നിഷേധിച്ചു. ഇന്ത്യന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് റോയിട്ടേഴ്‌സിന്റെ എക്‌സ് അക്കൗണ്ട് പിന്‍വലിക്കാനുള്ള ആവശ്യം ഉന്നയിച്ചിട്ടില്ല. പ്രശ്നം പരിഹരിക്കാന്‍ എക്സുമായി ബന്ധപ്പെട്ടുവെന്നും സര്‍ക്കാര്‍ വക്താവ് ഇന്ന് രാവിലെ വ്യക്തമാക്കി.
ശനിയാഴ്ച അര്‍ധ രാത്രിയോടെയാണ് റോയിട്ടേഴ്‌സിന്റെ എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പും നല്‍കിയിരുന്നില്ല. നിയമപരമായ കാരണത്താല്‍ റോയിട്ടേഴ്‌സിന്റെ എക്‌സ് അക്കൗണ്ടിന്റെ പ്രവര്‍ത്തനം ഇന്ത്യയില്‍ നിര്‍ത്തിവെക്കുന്നു എന്നായിരുന്നു സെര്‍ച്ച് ചെയ്യുമ്പോള്‍ ലഭിക്കുന്നത്. ഇതോടെ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശം ഉയരുകയും ചെയ്തു. തുടര്‍ന്നാണ് ഇപ്പോള്‍ കേന്ദ്രം വിശദീകരണം നല്‍കിയിരിക്കുന്നത്.
റോയിട്ടേഴ്‌സ് ടെക് ന്യൂസ്, റോയിട്ടേഴ്‌സ് ഫാക്ട് ചെക്ക്, റോയിട്ടേഴ്‌സ് പിക്‌ചേഴ്‌സ്, റോയിട്ടേഴ്‌സ് ഏഷ്യ, റോയിട്ടേഴ്‌സ് ചൈന തുടങ്ങിയ മറ്റ് റോയിട്ടേഴ്‌സ് എക്‌സ് അക്കൗണ്ടുകളുടെ പ്രവര്‍ത്തനം സാധാരണപോലെ രാജ്യത്ത് നടക്കുന്നുണ്ട്. 200 ലേറെ സ്ഥലങ്ങളിലായി 2,600 മാധ്യമ പ്രവര്‍ത്തകരാണ് റോയിട്ടേഴ്‌സിനായി ജോലി ചെയ്യുന്നത്.