ജഗ്ദീപ് ധന്‍കര്‍ ഔദ്യോഗിക വസതി ഒഴിയാന്‍ നീക്കം ആരംഭിച്ചു; രാഷ്ട്രപതിയ്ക്ക് രാജിക്കത്ത് നല്‍കിയപ്പോള്‍ തന്നെ വസതി ഒഴിയാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു; ധന്‍കറുമായി കൂടിക്കാഴ്ചയ്ക്ക് പ്രതിപക്ഷ നേതാക്കളുടെ ശ്രമം
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാജിവച്ച ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ചയ്ക്ക് പ്രതിപക്ഷ നേതാക്കളുടെ ശ്രമം. ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവുത്ത്, എന്‍സിപി (എസ്പി) നേതാവ് ശരദ് പവാര്‍ തുടങ്ങിയവര്‍ ധന്‍കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ചൊവ്വാഴ്ച അനുമതി തേടിയിരുന്നു.
എന്നാല്‍ കൂടിക്കാഴ്ചയ്ക്കായുള്ള അനുമതി ധന്‍കര്‍ നല്‍കിയിട്ടില്ലെന്നാണ് സൂചന. അതേസമയം ജഗ്ദീപ് ധന്‍കര്‍ ഔദ്യോഗിക വസതി ഒഴിയാന്‍ നീക്കം ആരംഭിച്ചു. തിങ്കളാഴ്ച രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കിയപ്പോള്‍ തന്നെ വസതി ഒഴിയാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. 2024 ഏപ്രിലിലാണ് ധന്‍കര്‍ പാര്‍ലമെന്റ് മന്ദിരത്തിനു സമീപം ചര്‍ച്ച് റോഡില്‍ പുതുതായി പണികഴിപ്പിച്ച ഉപരാഷ്ട്രപതിയുടെ വസതിയിലേക്ക് മാറിയത്. സെന്‍ട്രല്‍ വിസ്ത പദ്ധതിക്കു കീഴില്‍ നിര്‍മിച്ചതാണ് കെട്ടിടം. 15 മാസത്തോളം അദ്ദേഹം ഇവിടെ താമസിച്ചു. ഉപരാഷ്ട്രപതിയായി 2027 വരെ കാലാവധി ഉണ്ടായിരുന്നപ്പോഴാണ് ധന്‍കറിന്റെ അപ്രതീക്ഷിത രാജി.