രാഖി കെട്ടിനല്‍കിയ ബന്ധുവായ കൗമാരക്കാരിയെ 33കാരന്‍ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി; ആത്മഹത്യയാക്കി ചിത്രീകരിക്കാനുള്ള നീക്കം പൊളിച്ച് പൊലീസ്
രാഖി കെട്ടിനല്‍കിയ ബന്ധുവായ കൗമാരക്കാരിയെ 33കാരന്‍ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഔറയ്യയില്‍ 14 വയസ്സുള്ള ബന്ധുവായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 33 വയസ്സുള്ള യുവാവ് അറസ്റ്റില്‍. അമ്മാവന്റെ മകളെയാണ് സര്‍ജിത് എന്ന യുവാവ് കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടന്നിരുന്ന കൗമാരക്കാരിയെ പ്രതി അമിതമായി മദ്യപിച്ച ശേഷം, ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.
മറ്റൊരു മുറിയിലായിരുന്ന ഇരയുടെ പിതാവിന് കുറ്റകൃത്യത്തെക്കുറിച്ച് അറിയില്ലായിരുന്നു. പിറ്റേന്ന് അവളുടെ മൃതദേഹം കണ്ടെത്തിയപ്പോഴാണ് പിതാവ് സംഭവം അറിയുന്നത്. അന്വേഷണത്തില്‍, പലയിടത്തും രക്തക്കറകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, ആത്മഹത്യയല്ലെന്ന് അധികൃതര്‍ നിഗമനത്തിലെത്തി.
ചോദ്യം ചെയ്യലില്‍ പ്രതി അമിതമായി ഇടപെടുന്നതും മറ്റ് കുടുംബാംഗങ്ങള്‍ക്കുവേണ്ടി ഇടപെട്ട് സംസാരിക്കുന്നതും പൊലീസ് ശ്രദ്ധിച്ചു. പൊലീസ് അന്വേഷണം തുടരുന്നതിനിടെ, സുര്‍ജിത് വീട്ടിലേക്ക് മടങ്ങി അവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. സുര്‍ജിത്തിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തില്‍ ലൈംഗികാതിക്രമം സ്ഥിരീകരിച്ചതായി ഔറയ്യ പൊലീസ് സൂപ്രണ്ട് അഭിജിത്ത് ശങ്കര്‍ സ്ഥിരീകരിച്ചു.
കൂടാതെ, കുട്ടിയുടെ നഖങ്ങളിലും കൈകളിലും കണ്ടെത്തിയ രോമങ്ങള്‍ കണ്ടെത്തി. സംശയിക്കപ്പെടുന്നയാളുടെ മുടിയില്‍ നിന്നുള്ള സാമ്പിളുകള്‍ താരതമ്യത്തിനായി ശേഖരിച്ച് ഝാന്‍സിയിലെ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനയും നടത്തുമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് യുവാവിന് പെണ്‍കുട്ടി രാഖി ബന്ധിച്ച് നല്‍കിയത്. പെണ്‍കുട്ടിയെ സംരക്ഷിക്കേണ്ട ചുമതലയുള്ളയാള്‍ ക്രൂരകൃത്യം ചെയ്തതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും.