സിപിഐയെ അനുനയിപ്പിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്ന സിപിഎമ്മിന്റെ മനസ്സില്‍ നിറയുന്നത് 'കൊടിയേരി മാജിക്കിന്റെ' അഭാവം; കോടിയേരിയുടെ വിയോഗത്തോടെ സിപിഎമ്മിന് നഷ്ടമായത് കരുത്തുള്ള രണ്ടാമനെ; ബിനോയ് വിശ്വത്തെ അടുപ്പിക്കാന്‍ എംവി ഗോവിന്ദന് കഴിയുമോ? ബേബി പരാജയപ്പെട്ടെങ്കിലും സിപിഎമ്മിന് ഇപ്പോഴും പ്രതീക്ഷ

Update: 2025-10-29 01:40 GMT

തിരുവനന്തപുരം: പിഎം ശ്രീയില്‍ സിപിഐയെ അനുനയിപ്പിക്കാന്‍ കഴിയാതെ വലയുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത് അറിയുന്നത്. കൊടിയേരി ബാലകൃഷ്ണന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ അനുനയ ചാതുര്യം. ആരുമായുള്ള പ്രശ്‌നങ്ങളും അതിവേഗം പരിഹരിക്കുന്ന കൊടിയേരിയുണ്ടായിരുന്നുവെങ്കില്‍ സിപിഐയെ ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുമായിരുന്നുവെന്ന് തന്നെയാണ് സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളില്‍ ബഹുഭൂരിഭാഗവും വിലയിരുത്തുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി പദത്തിലുള്ള എംഎ ബേബിക്ക് പോലും ഒന്നും കഴിയുന്നില്ല. സിപിഐയുമായുള്ള ചര്‍ച്ചകള്‍ താളം തെറ്റിയതിന് പിന്നില്‍ സിപിഎം നേതൃത്വത്തിലെ രണ്ടാമന്റെ പിടിപ്പുകേടാണെന്നാണ് വിലയിരുത്തല്‍. കോടിയേരിയുടെ കാലത്ത് ഒന്നാമനോളം ശക്തനായിരുന്നു രണ്ടാമനും. പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനം കാര്യക്ഷമമായിരുന്നു. നിലവില്‍ അതൊന്നും ക്രിയാത്മകമല്ല. ഇതും സിപിഐയെ അടുപ്പിക്കുന്നതിന് തടസ്സമാണ്. അതിനിടെ പിഎം ശ്രീ പദ്ധതിയിലെ ധാരണാപത്രം റദ്ദാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടിയന്തരമായി തിരുവനന്തപുരത്തേയ്ക്ക് എത്തിയിട്ടുണ്ട്.

സിപിഐയുമായുളള അനുനയ ചര്‍ച്ചയ്ക്കായാണ് ഗോവിന്ദന്‍ തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടത്. ബുധനാഴ്ച തളിപ്പറമ്പില്‍ നടക്കാനിരിക്കുന്ന പരിപാടികള്‍ മാറ്റിവച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അടിയന്തര യാത്രയെന്നാണ് സൂചന. ഇന്നലെ രാവിലെയാണ് എംവി ഗോവിന്ദന്‍ തിരുവനന്തപുരത്തു നിന്നും കണ്ണൂരിലെത്തിയത്. ഗോവിന്ദന്‍ നടക്കുന്ന ചര്‍ച്ചകള്‍ ഫലം കാണുമോ എന്നാണ് അറിയേണ്ടത്. അതേസമയം, മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ സിപിഐ ഉറച്ചുനില്‍ക്കുകയാണ്. മന്ത്രിമാര്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ഉണ്ടാവണമെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഗോവിന്ദന്റെ ഇടപെടല്‍ നിര്‍ണ്ണായകമായി മാറും. കോടിയേരിയുടെ വൈഭവം ഇല്ലാത്ത ഗോവിന്ദന്‍ എങ്ങനെ ബിനോയ് വിശ്വത്തെ നയതന്ത്ര വഴിയില്‍ കൊണ്ടു വരുമെന്നത് നിര്‍ണ്ണായകമാണ്. മുഖ്യമന്തിയുടെ അനുനയനീക്കം തള്ളിയത് പാര്‍ട്ടിക്ക് അതൃപ്തിയായെങ്കിലും സിപിഐയുമായുള്ള അനുരഞ്ജന ശ്രമത്തില്‍നിന്നു സിപിഎം പിന്നോട്ടില്ലെന്നതാണ് വസ്തുത. ഇവിടെയാണ് കോടിയേരി മാജികിന്റെ അഭാവം സിപിഎമ്മിനെ ഉലയ്ക്കുന്നത്.

മന്ത്രിസഭ യോഗം കഴിയുന്നത് വരെ സെക്രട്ടറിയേറ്റിലേക്ക് നാല് മന്ത്രിമാരും പോകില്ല. ബുധനാഴ്ച രാവിലെ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന് അറിയിപ്പ് സിപിഐ നേതൃത്വത്തിന് സിപിഐഎമ്മിന്റെ ഭാഗത്ത് നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഉച്ചയ്ക്ക് ശേഷമാണ് മന്ത്രിസഭാ യോഗം. രാവിലെ നടക്കേണ്ട യോഗം ഉച്ചയ്ക്കത്തേക്ക് മാറ്റിയത് സമവായത്തിന്റെ സാധ്യതകള്‍ തേടിയാണ്. സിപിഐയുമായി ഗോവിന്ദന്‍ നടക്കുന്ന ചര്‍ച്ചകളുടെ ഫലം നിര്‍ണ്ണായകമാണ്. പിഎം ശ്രീ പദ്ധതിയിലെ ധാരണാപത്രം റദ്ദാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതിന് പിന്നാലെയാണ് മന്ത്രിസഭ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം സിപിഐ എടുത്തത്. ഓണ്‍ലൈനായി ചേര്‍ന്ന സിപിഐ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസത്തെ എക്സിക്യൂട്ടീവ് യോഗത്തിലുണ്ടായ തീരുമാനം തന്നെയാണ് സെക്രട്ടറിയേറ്റ് യോഗത്തിലും ഉണ്ടായത്. ബുധനാഴ്ച നടക്കാനിരിക്കുന്ന മന്ത്രിസഭ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ്, ജി ആര്‍ അനില്‍, ചിഞ്ചുറാണി എന്നിവര്‍ വിട്ടുനില്‍ക്കും.

ബുധനാഴ്ച്ച രാവിലെ പത്തരയ്ക്ക് നടത്താനിരുന്ന മന്ത്രിസഭ യോഗം വൈകീട്ട് 3.30ലേക്ക് മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രി സിപിഐ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി സമവായത്തിനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാണ് സമയമാറ്റം എന്നാണ് സൂചനകള്‍. ധാരണാപത്രം റദ്ദാക്കാതെ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവില്ലെന്ന് സിപിഐ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ചര്‍ച്ചയില്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ച എല്ലാ ഉപാധികളും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളിയിരുന്നു. മന്ത്രിസഭായോഗം സിപിഐ മന്ത്രിമാര്‍ ബഹിഷ്‌കരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നാണു സിപിഎം നേതൃത്വത്തിലെ ധാരണ. കീഴ്വഴക്കം മാറ്റിവച്ച് ജനറല്‍ സെക്രട്ടറി തന്നെ രംഗത്തിറങ്ങിയത് ഈ സാഹചര്യത്തിലാണ്. മുഖ്യമന്ത്രി പിണറായിയും സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദനും ഒത്തുതീര്‍പ്പുശ്രമങ്ങള്‍ തുടരുമെന്നാണു വിവരം. കരാറില്‍ ഒപ്പിട്ടതിനെ ഇപ്പോള്‍ സിപിഎം ന്യായീകരിക്കുകയാണെങ്കിലും ചെയ്തത് അനുചിതമാണെന്ന വികാരം പാര്‍ട്ടിയിലുണ്ട്. ഒപ്പിട്ടവിവരം പുറത്തുവന്നതിനു പിന്നാലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും ഈ വികാരം ഉയര്‍ന്നിരുന്നു. പാര്‍ട്ടിമന്ത്രിമാര്‍പോലും വിവരം അറിഞ്ഞിരുന്നില്ല. ആ യോഗത്തില്‍ മുഖ്യമന്ത്രിയുണ്ടായിരുന്നില്ല.

എന്നാല്‍, സിപിഐ വിമതനീക്കം ചര്‍ച്ച ചെയ്യാനായി സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നതു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്. അദ്ദേഹത്തിന്റെ അംഗീകാരത്തോടെയാണ് ഒപ്പിടല്‍ നടന്നത് എന്നതിനാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ആരും മുതിര്‍ന്നില്ല. പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന ആലോചനയാണ് ഉണ്ടായത്. മുഖ്യമന്ത്രിയും സിപിഐ നേതൃത്വവും തമ്മിലുള്ള കൂടിക്കാഴ്ചയോടെ പ്രശ്‌നം തീരുമെന്നാണു സിപിഎം നേതാക്കള്‍ വിചാരിച്ചത്. അതുണ്ടായില്ലെന്നത് സിപിഎം ഗൗരവത്തില്‍ എടുക്കുന്നുണ്ട്.

Tags:    

Similar News