ജോസഫിനെ റാഞ്ചാന്‍ വലവിരിച്ച് ജോസ് കെ മാണി; യുഡിഎഫില്‍ സീറ്റില്ലെങ്കില്‍ ഇടതിലേക്ക് പോരാം; 'രക്തബന്ധം' പറഞ്ഞ് മാണി ഗ്രൂപ്പ് ഉന്നം വയ്ക്കുന്നത് യുഡിഎഫിനെ തളര്‍ത്തല്‍; ജോസഫിനെ മുന്നണിയില്‍ എടുക്കാന്‍ പിണറായിയുടെ ഗ്രീന്‍ സിഗ്‌നല്‍? കേരള രാഷ്ട്രീയത്തില്‍ വീണ്ടും മുന്നണി മാറ്റ ചര്‍ച്ച
കോട്ടയം: യുഡിഎഫിലെ സീറ്റ് വിഭജന തര്‍ക്കങ്ങള്‍ക്കിടെ പി.ജെ. ജോസഫിനെയും കൂട്ടരെയും ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ജോസ് കെ. മാണി നല്‍കുന്നത് പുതിയ രാഷ്ട്രീയ സന്ദേശം. ഇത് യുഡിഎഫിനെ വെട്ടിലാക്കും. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് യുഡിഎഫില്‍ വില പേശലിന് സാധ്യതയൊരുക്കുന്നതാണ് ജോസ് കെ മാണിയുടെ പ്രസ്താവന. മുഖ്യമന്ത്രി പിണറായി വിജയനും ഈ നീക്കത്തിന് അനുകൂലമാണ്.
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് തങ്ങളുടെ 'രക്തത്തിന്റെ ഭാഗം' ആണെന്നും യുഡിഎഫില്‍ അവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്നും ജോസ് കെ. മാണി പറഞ്ഞു. ജോസ് കെ. മാണിയെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരാന്‍ പി.ജെ. ജോസഫ് തടസ്സം നില്‍ക്കുന്നുണ്ടെങ്കിലും, ജോസഫിന്റെ ഇടത് പ്രവേശനത്തിന് താന്‍ തടസ്സമാകില്ലെന്ന വ്യക്തമായ സൂചനയാണ് ജോസ് നല്‍കിയത്. കേരളാ കോണ്‍ഗ്രസുകളുടെ ഏകീകരണം ക്രൈസ്തവ സഭകളുടെ ലക്ഷ്യമാണ്. ഇതിനിടെയാണ് ജോസ് കെ മാണിയുടെ നിര്‍ണ്ണായക നീക്കം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളും വേണമെന്ന ഉറച്ച നിലപാടിലാണ് ജോസഫ് ഗ്രൂപ്പ്. എന്നാല്‍, ഇതില്‍ രണ്ട് സീറ്റുകളില്‍ മാത്രമാണ് നിലവില്‍ വിജയസാധ്യതയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. പരാജയപ്പെടാന്‍ സാധ്യതയുള്ള എട്ട് സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന യുഡിഎഫ് നിലപാടിനോട് ജോസഫ് വിഭാഗത്തിന് കടുത്ത വിയോജിപ്പുണ്ട്. സീറ്റുകള്‍ വെട്ടിക്കുറയ്ക്കാന്‍ ശ്രമിച്ചാല്‍ മുന്നണി വിടുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനാണ് ജോസഫ് ഗ്രൂപ്പിന്റെ നീക്കം.
'മുന്‍പും തറവാട്ടിലേക്ക് ജോസഫ് വിഭാഗത്തെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. യുഡിഎഫില്‍ നില്‍ക്കുമ്പോള്‍ അവര്‍ സൂക്ഷിക്കണം. അവിടെ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ സംരക്ഷണം ഒരുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്' ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു. നേരത്തെ ജോസ് കെ. മാണിയെ യുഡിഎഫിലെത്തിക്കാന്‍ മുസ്ലിം ലീഗ് ശ്രമിച്ചപ്പോള്‍ ജോസഫ് വിഭാഗം അത് തടഞ്ഞിരുന്നു. എന്നാല്‍ ഇടതിനെ ശക്തിപ്പെടുത്താന്‍ ജോസ് കെ മണി എന്തിനും തയ്യാര്‍. ജോസഫ് ഗ്രൂപ്പിനെ ഇടതിലേക്ക് ക്ഷണിച്ച് ജോസ് രാഷ്ട്രീയ തന്ത്രം പയറ്റുന്നത് യുഡിഎഫിനെ വെട്ടിലാക്കാനാണ്.
സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതോടെ ജോസഫ് ഗ്രൂപ്പിന്റെ അടുത്ത നീക്കം കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാകും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി.ജെ. ജോസഫും (തൊടുപുഴ), മോന്‍സ് ജോസഫും (കടുത്തുരുത്തി) മാത്രമാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ വിജയിച്ചത്. ബാക്കി എട്ടു സീറ്റുകളിലും പാര്‍ട്ടി പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ വിജയസാധ്യതയില്ലാത്ത സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കുന്നത് ഗുണകരമാകില്ലെന്നാണ് കോണ്‍ഗ്രസ് വാദം. ജോസ് കെ. മാണി വിഭാഗം മുന്നണി വിട്ടതോടെ ഒഴിവുവന്ന പല സീറ്റുകളും തങ്ങള്‍ക്ക് വേണമെന്ന് ജോസഫ് ആവശ്യപ്പെടുന്നുണ്ടെങ്കിലും, കേരള കോണ്‍ഗ്രസിന് സ്വാധീനം കുറഞ്ഞ മേഖലകളില്‍ കോണ്‍ഗ്രസ് നേരിട്ട് മത്സരിക്കണമെന്ന സമ്മര്‍ദ്ദം പ്രാദേശിക നേതാക്കള്‍ക്കിടയിലുണ്ട്.
ചങ്ങനാശ്ശേരി, ഇടുക്കി, ഏറ്റുമാനൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ കരുത്തരായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ ജയിച്ചു കയറാമെന്നും അവിടെ ജോസഫ് ഗ്രൂപ്പിന് മുന്‍പത്തെപ്പോലെ സ്വാധീനമില്ലെന്നും കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് ജോസഫിനെ ഇടതിലേക്ക് അടുപ്പിക്കാന്‍ ജോസ് കെ മാണി തന്നെ നേരിട്ട് രംഗത്തു വരുന്നത്.
