തിരഞ്ഞെടുപ്പിന് മുമ്പായി മുഖം മിനുക്കാന്‍ പ്ലാന്‍ ചെയ്ത പ്രത്യേക പി ആര്‍ തന്ത്രം; 20 കോടിരൂപ ചെലവിട്ട സര്‍വ്വേയില്‍ ലക്ഷ്യമിട്ടത് പാര്‍ട്ടി അംഗങ്ങള്‍ വഴിയുള്ള വിവര ശേഖരണം; മൊബൈല്‍ ആപ്പുമുതല്‍ പരസ്യവും സര്‍വേ അംഗങ്ങള്‍ക്കുള്ള ദിനബത്തയുമടക്കം എല്ലാം സര്‍ക്കാര്‍ ചെലവിലും; പാര്‍ട്ടി സര്‍വേയാക്കി മാറ്റാനുള്ള കത്ത് കയ്യോടെ പൊക്കി ഹൈക്കോടതിയും; സിപിഎം പിആര്‍ തന്ത്രങ്ങള്‍ അമ്പേ പാളുന്നു..!

തിരഞ്ഞെടുപ്പിന് മുമ്പായി മുഖം മിനുക്കാന്‍ പ്ലാന്‍ ചെയ്ത പ്രത്യേക പി ആര്‍ തന്ത്രം

Update: 2026-02-18 00:51 GMT

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് സംസ്ഥാനത്തെ പി ആര്‍ കമ്പനികള്‍ക്കെല്ലാം ചാകരയാണ്. പിആര്‍ പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാറിന്റെ മുഖം മിനുക്കാന്‍ വേണ്ടി കോടികള്‍ എറിഞ്ഞുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പിആര്‍ഡിയെ അടക്കം സമര്‍ഥമായി ഇതിന് ഉപയോഗപ്പെടുത്തുന്നു. ഇതിനിടെയിലും സര്‍ക്കാറിന് തിരിച്ചടിയായി ഹൈക്കോടതിയില്‍ നിന്നും ഇന്നലെയേറ്റ പ്രഹരം. തിരഞ്ഞെടുപ്പിനുമുന്‍പായി മുഖംമിനുക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ തുടക്കമിട്ട നവകേരള സര്‍വേ, പാര്‍ട്ടി സര്‍വേയാക്കാനുള്ള നീക്കമാണ് ഹൈക്കോടതി കൈയോടെ പിടികൂടിയതോടെ അമ്പേ പാളിയത്.

2025 ഒക്ടോബര്‍ 10-നാണ് സര്‍വേക്കായുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങുന്നത്. എന്നാല്‍, സെപ്റ്റംബര്‍ 29-നുതന്നെ ഇത്തരമൊരു സര്‍വേ തുടങ്ങുന്നുണ്ടെന്നും അതില്‍ പാര്‍ട്ടി അംഗങ്ങള്‍ ഭാഗമാകണമെന്നും കാണിച്ച് സി.പി.എം. സംസ്ഥാനകമ്മിറ്റി കീഴ്ഘടകങ്ങള്‍ക്ക് കത്തുനല്‍കി. പഞ്ചായത്തുമുതല്‍ ജില്ലാതലംവരെയുള്ള ഓരോ സംഘത്തിലും ഉള്‍പ്പെടുത്തേണ്ട പാര്‍ട്ടി അംഗങ്ങളുടെ പട്ടിക സെപ്റ്റംബര്‍ 30-നകം സംസ്ഥാന കമ്മിറ്റിക്ക് നല്‍കണമെന്നായിരുന്നു നിര്‍ദേശം. ഇതാണ് സര്‍വേയുടെ രാഷ്ട്രീയം കോടതിക്കുപോലും ബോധ്യപ്പെടാന്‍ ഇടയാക്കിയത്. സര്‍വേ രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് പറയാവുന്ന ഒന്നും സര്‍ക്കാരിന്റെ ഉത്തരവിലോ, നടപടിക്രമങ്ങളിലോ ഇല്ലായിരുന്നു. പക്ഷേ, തെളിവായത് സി.പി.എമ്മിന്റെ കത്തായിരുന്നു.

സര്‍ക്കാരിനെക്കുറിച്ചുള്ള ജനാഭിപ്രായം കേട്ട്, അതിനനുസരിച്ച് തീരുമാനമെടുക്കാനാണ് സര്‍വേയെന്നായിരുന്നു പ്രഖ്യാപനം. 'സ്പെഷല്‍ പി.ആര്‍.' എന്നാണ് ഇതിന് പണം അനുവദിക്കുന്നതിന് ഉപയോഗിച്ച വിശേഷണം. ധനകാര്യവകുപ്പിന്റെ അനുമതിയില്ലാതെ 'സ്പെഷല്‍ പി.ആറി'ന് പണം അനുവദിച്ചതും കോടതിവിധി എതിരാകാന്‍ കാരണമായി. 20 കോടിരൂപയാണ് സര്‍വേക്കായി അനുവദിച്ചത്. മൊബൈല്‍ ആപ്പുമുതല്‍ പരസ്യവും സര്‍വേ അംഗങ്ങള്‍ക്കുള്ള ദിനബത്തയുമടക്കം എല്ലാം സര്‍ക്കാര്‍ ചെലവില്‍. പാര്‍ട്ടിക്ക് ചെലവില്ലാതെ പൊതുപണം എടുത്തു തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള സര്‍വേക്ക് ശ്രമം നടത്തിയതാണ് നീക്കം പാളിയത്.

തദ്ദേശതിരഞ്ഞെടുപ്പിനുമുന്‍പാണ് സര്‍വേ നടത്താന്‍ തീരുമാനിച്ചത്. തദ്ദേശതിരഞ്ഞെടുപ്പ് സര്‍വേയുടെ ലക്ഷ്യമായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്കും ജനമനസ്സ് അറിയാനാണ് ഉദ്ദേശിച്ചത്. അന്തിമറിപ്പോര്‍ട്ട് മാര്‍ച്ച് 31-നകം കൊടുക്കണമെന്നേ ഐ.പി.ആര്‍.ഡി.യോട് ആവശ്യപ്പെട്ടിരുന്നുള്ളൂ. ആദ്യഘട്ട സര്‍വേ പൂര്‍ത്തിയായി. രണ്ടാംഘട്ടത്തില്‍ ആദിവാസികള്‍, യുവാക്കള്‍, സ്ത്രീകള്‍, പ്രത്യേക തൊഴില്‍വിഭാഗങ്ങള്‍ തുടങ്ങിയ കൂട്ടായ്മയാണ് ലക്ഷ്യമിട്ടത്. അതിലേക്ക് കടക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ പിടിവീണത്.

സര്‍വ്വേ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ സിപിഎഎമ്മിനെതിരെ ഗുരുതര പരാമര്‍ശങ്ങളുമുണ്ട്. സര്‍വേയെക്കുറിച്ച് സിപിഎമ്മിന് മുന്‍കൂര്‍ അറിവുണ്ടായിരുന്നു എന്ന കാര്യമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. സര്‍ക്കാര്‍ തീരുമാനം പാര്‍ട്ടിക്ക് എങ്ങനെ അറിയാന്‍ കഴിഞ്ഞു എന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വിശ്വസനീയമായ വിശദീകരണം നല്‍കാനായില്ല.

സര്‍ക്കാര്‍ ഉത്തരവ് വരുന്നതിന് മുന്‍പ് സിപിഐഎം അണികള്‍ക്ക് കത്തയച്ചു. ആക്ഷേപത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന മറുപടി സിപിഐഎം സംസ്ഥാന സെക്രട്ടറി നല്‍കി. ഇത് ഹര്‍ജിക്കാരുടെ ആരോപണത്തിന് ബലം നല്‍കുന്നു എന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. സ്പെഷ്യല്‍ പിആര്‍ കാമ്പയിനിന്റെ പേരില്‍ 20 കോടി രൂപ അനുവദിച്ചതില്‍ റൂള്‍സ് ഓഫ് ബിസിനസിന്റെ ചട്ടലംഘനം ഉണ്ടായതായി വിലയിരുത്തിക്കൊണ്ടാണ് ഹൈക്കോടതി നവകേരള സര്‍വ്വേ റദ്ദാക്കുന്നത്.

പണം അനുവദിച്ചത് ചട്ടലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ സര്‍വ്വേ നടത്തിയ രീതിയിലും കോടതി സംശയം പ്രകടിപ്പിച്ചു. 2025 ഒക്ടോബര്‍ 8നാണ് നവകേരള സര്‍വ്വേ നടത്താനുളഅള തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ മന്ത്രിസഭ എടുക്കുന്നത്. എന്നാല്‍, ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പാര്‍ട്ടി സെക്രട്ടറി അവരുടെ കേഡര്‍മാര്‍ക്ക് ഒരു കത്തയച്ചു. ഈ കത്ത് ഹര്‍ജിക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് തള്ളിക്കളയാന്‍ ആകില്ലെന്നും കോടതി വിലയിരുത്തി.

സര്‍വ്വേ നടത്താനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നതിന് മുന്‍പ് തന്നെ പാര്‍ട്ടി സെക്രട്ടറി അവരുടെ കേഡര്‍മാര്‍ക്ക് കത്തയക്കുകയായിരുന്നു. സര്‍വ്വേക്ക് വേണ്ടിയുള്ള പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് അയച്ചിട്ടുള്ളത്. സിപിഎം അണികളെ രഹസ്യമായി കയറ്റാനുള്ള ഒരു നീക്കം പാര്‍ട്ടി നടത്തിയതില്‍ സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് ഹൈക്കോടതി വിമര്‍ശിച്ചത്. എംവി ഗോവിന്ദനെ കൂടി ഈ കേസില്‍ കക്ഷി ചേര്‍ത്തിരുന്നു. പക്ഷേ, പാര്‍ട്ടി സെക്രട്ടറി നല്‍കിയ സത്യാവങ് മൂലം തൃപ്തികരമല്ല എന്നാണ് ഹൈക്കോടതി പറഞ്ഞത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണിതെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ളതു കേള്‍ക്കാനുള്ള പദ്ധതി എന്ന നിലയ്ക്കായിരുന്നു നവകേരള സര്‍വ്വേ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ സര്‍ക്കാരിന് ലഭിച്ച വലിയ തിരിച്ചടിയായാണ് ഈ കോടതി വിധി വിലയിരുത്തപ്പെടുന്നത്.

കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍, കോണ്‍ഗ്രസിന്റെ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം മുബാസ് ഓണക്കാലി എന്നിവരാണ് സര്‍വേക്കെതിരെ കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന ഈ സര്‍വേ യഥാര്‍ഥത്തില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന വിവരശേഖരണമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന ആരോപണം. ജനങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്യുന്നുവെന്നും, ഇതിലൂടെ പാര്‍ട്ടിക്കുവേണ്ടി വോട്ടര്‍മാരുമായി ബന്ധം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ വാദിച്ചു. ഈ വാദത്തിന് അനുകൂലമായി വിധി ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോണ്‍ഗ്രസും.

Tags:    

Similar News