ഹൈക്കമാന്‍ഡിന്റെ വിശ്വസ്തന്‍ എന്ന നിലയില്‍ രാജസ്ഥാനില്‍ ഗെഹ്ലോട്ടിനെയും കര്‍ണാടകയില്‍ സിദ്ധരാമയ്യയെയും മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ത്തി കൊണ്ടുവന്ന ദേശീയ നേതൃത്വത്തിന്റെ അതേ തന്ത്രം കേരളത്തിലും ആവര്‍ത്തിക്കപ്പെടാം; കെസിയുടെ സ്‌കൂട്ടര്‍ യാത്ര അടക്കം നല്‍കുന്നത് മുഖ്യമന്ത്രി പദത്തിലെ കണ്ണു തന്നെ; കേരളത്തില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചാലും നായകനെ നിശ്ചയിക്കാന്‍ ഹൈക്കമാണ്ട്

Update: 2026-02-17 07:23 GMT

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിക്കുന്ന നേതാക്കളേക്കാള്‍ ഒരുപടി മുന്നിലോ കെസി വേണുഗോപാല്‍? ദേശീയ രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യമായി കെ.സി. വേണുഗോപാല്‍ മാറിക്കഴിഞ്ഞു. ഹൈക്കമാന്‍ഡിന്റെ വിശ്വസ്തന്‍ എന്ന നിലയില്‍ രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടിനെയും കര്‍ണാടകയില്‍ സിദ്ധരാമയ്യയെയും മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന ദേശീയ നേതൃത്വത്തിന്റെ അതേ തന്ത്രം കേരളത്തിലും ആവര്‍ത്തിക്കപ്പെടുമോ എന്ന ചര്‍ച്ചകള്‍ക്ക് രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ ഇപ്പോള്‍ വലിയ പ്രാധാന്യമുണ്ട്. മുഖ്യമന്ത്രിയാകാനില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം കേരളത്തില്‍ നടത്തുന്ന ഇടപെടലുകള്‍ കൃത്യമായ ഒരു പ്ലാനിംഗിന്റെ ഭാഗമാണെന്ന് വ്യക്തം.

പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിചെയര്‍മാന്‍ എന്ന ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനൊപ്പം കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളിലും അദ്ദേഹം സജീവമാകുകയാണ്. യുഡിഎഫിന്റെ പ്രകടന പത്രികയ്ക്ക് കരുത്തുപകരുന്ന രീതിയിലുള്ള ജനസമ്പര്‍ക്ക പരിപാടികളാണ് അദ്ദേഹം ആസൂത്രണം ചെയ്തിരിക്കുന്നത്. പാലക്കാട്ടെ നെല്‍കര്‍ഷകരും ആലപ്പുഴയിലെ യുവകര്‍ഷകരുമായും നടത്തിയ കൂടിക്കാഴ്ചകളും എറണാകുളത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍, തിരുവനന്തപുരത്തെ ഗിഗ് തൊഴിലാളികള്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേട്ടതും ഇതിന് തെളിവാണ്. വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിനെ എങ്ങനെ ബാധിക്കുന്നു എന്ന് ആലപ്പുഴയിലെ മത്സ്യത്തൊഴിലാളി വീടുകളില്‍ എത്തി മനസ്സിലാക്കാനും ശ്രമിച്ചു. തിരുവനന്തപുരത്തെ വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തി ചുവപ്പുനാട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്, മാര്‍ തോമസ് തറയില്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളും ഇന്‍ഫാം സമ്മേളനത്തിലെ സാന്നിധ്യവും ക്രൈസ്തവ സഭകള്‍ക്കിടയില്‍ വിശ്വാസ്യത നേടാനുള്ള തന്ത്രമാണ്. മുസ്ലീം വിഭാഗം: സമസ്ത, കാന്തപുരം വിഭാഗങ്ങളുടെ സമ്മേളനങ്ങളില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് നല്‍കുന്ന പരിഗണന അദ്ദേഹം ഊന്നിപ്പറഞ്ഞു. ശിവഗിരി മഠവുമായുള്ള അടുത്ത ബന്ധവും കര്‍ണാടകയില്‍ മഠത്തിന് ഭൂമി അനുവദിക്കുന്നതില്‍ അദ്ദേഹം നടത്തിയ ഇടപെടലും ശ്രദ്ധേയമാണ്. എന്‍എസ്എസ് നേതൃത്വവുമായി അദ്ദേഹം പുലര്‍ത്തുന്ന സൗഹൃദവും രാഷ്ട്രീയ കേരളം കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. ഇതിനെല്ലാം പിന്നില്‍ കേരളത്തിലെ ഭാവി മുഖ്യമന്ത്രി പദം തന്നെയാണെന്നാണ് വിലയിരുത്തല്‍.

കെ.സി. വേണുഗോപാലിന്റെ കേരളത്തിലെ വളര്‍ച്ച ഇടത് ക്യാമ്പിനെ അസ്വസ്ഥമാക്കുന്നുണ്ട്. ശബരിമല വിഷയത്തിലും കേന്ദ്ര അവഗണനയിലും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് വേണുഗോപാലിനെതിരെ രംഗത്തുവരുന്നത് ഇതിന്റെ തെളിവാണ്. മണിശങ്കര്‍ അയ്യരെ പോലുള്ളവരെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതൃത്വത്തെ അധിക്ഷേപിക്കാന്‍ ശ്രമിക്കുമ്പോഴും, ഐഷാ പോറ്റിയെപ്പോലെയുള്ള ഇടതുനേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ കെ.സിക്ക് സാധിച്ചു എന്നത് ഇടതുപക്ഷത്തിന്റെ അടിത്തറ ഇളക്കുന്ന നീക്കമായി വിലയിരുത്തപ്പെടുന്നു. ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 100 കടത്തുന്നതിലും ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ച നേതാവാണ് കെ.സി. വേണുഗോപാല്‍ എന്ന പ്രചരണവും ശക്തമാണ്. പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിക്കായി നടത്തുന്ന ശക്തമായ പ്രതിരോധങ്ങള്‍ അദ്ദേഹത്തെ ദേശീയ ശ്രദ്ധാകേന്ദ്രമാക്കുന്നു. ഹൈക്കമാന്‍ഡിന്റെ താല്‍പ്പര്യവും കേരളത്തിലെ സമുദായ സമവാക്യങ്ങളും ഒരേപോലെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്നത് പ്രായോഗികമായി അസാധ്യമാണെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ ശക്തമാണ്. വരും ദിവസങ്ങളില്‍ പിഎസ് സി ഉദ്യോഗാര്‍ത്ഥികളുമായും യുവാക്കളുമായും അദ്ദേഹം നടത്തുന്ന കൂടിക്കാഴ്ചകളും മുഖ്യമന്ത്രി ലക്ഷ്യം നിറയ്ക്കുന്നതാണ്.

സിപിഎം ജനറല്‍ സെക്രട്ടറി എംഎം ബേബി സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശത്തിന്റെ ഭാഗമായി പാത്രം കഴുകിയപ്പോള്‍ മൗനം പാലിച്ച സിപിഎം നേതാക്കളും ശിവന്‍കുട്ടിയെ പോലുള്ള മന്ത്രിമാരുമാണ് ഇപ്പോള്‍ കെസി വേണുഗോപാലിനെ പരിഹസിക്കാന്‍ രംഗത്ത് വന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വടക്കന്‍ മേഖല വികസന മുന്നേറ്റ ജാഥയ്ക്കിടെ ബാലുശ്ശേരിയില്‍ വയോധികനെ കൊണ്ട് പെന്‍ഷന്‍ തുകയുടെ പേരില്‍ നാടകം നടത്തിയ സിപിഎം നേതാക്കളാണ് യുഡിഎഫ് പ്രകടന പത്രികയുടെ ഭാഗമായി ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന വേണുഗോപാലിനെ അധിക്ഷേപിക്കുന്നതെന്ന് കെസി പക്ഷം ചൂണ്ടി കാണിക്കുന്നു. ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴും കേരളത്തില്‍ കൂടുതല്‍ സജീവമാകുകയാണ് കെസി വേണുഗോപാല്‍. വര്‍ത്തമാന കേരള രാഷ്ട്രീയത്തിലെ ഓരോ ചലനങ്ങളിലും കൃത്യമായ പ്രതികരണം നടത്തി നിലപാട് വ്യക്തമാക്കുകയും ചെയ്യുന്നു.

ഇക്കഴിഞ്ഞ പാര്‍ലമെന്റ് സെഷനിലും മിന്നു പ്രകടനമാണ് കെസി വേണുഗോപാല്‍ നടത്തിയത്. പ്രതിപക്ഷനേതാവിനെ സഭയില്‍ സംസാരിക്കാന്‍ അനുവദികാതെ മൈക്ക് ഓഫ് ചെയ്ത നടപടിക്കെതിരെ രംഗത്ത് വന്ന കെസി വേണുഗോപാലിനോട് സ്പീകര്‍ താങ്കള്‍ രാഹുലിന്റെ വക്കീലാണോയെന്ന് വരെ ചോദിക്കുന്ന സ്ഥിതിയിലെത്തി. ജനാധിപത്യ സംവിധാനത്തിന്റെ പ്രതിപക്ഷത്തിന്റെയും പ്രതിപക്ഷ നേതാവിന്റെ പങ്കും പ്രശക്തിയും ചരിത്രവും ചട്ടങ്ങളും കീഴ് വഴക്കങ്ങളും ചൂണ്ടിക്കാട്ടി കെസി വേണുഗോപാല്‍ തിരിച്ചടിച്ചതും രാജ്യം ശ്രദ്ധിച്ചു. കേന്ദ്രബജറ്റില്‍ കേരളത്തോടുള്ള അവഗണനയ്ക്കെതിരെയും കെസി വേണുഗോപാല്‍ രംഗത്ത് വന്നിരുന്നുവെന്നും കെസി അനുകൂലികള്‍ പറയുന്നു.

Similar News