ശബരിമല കൊള്ളക്കേസിലെ മൊഴി എടുക്കല്‍ ആന്റോ ആന്റണിയിലേക്കും; രണ്ടു കോടിയുടെ ഇടപാടില്‍ ഇ.ഡി പരിശോധന; കെപിസിസി അധ്യക്ഷ മോഹത്തിന് കനത്ത തിരിച്ചടി; 'നെടുംപറമ്പില്‍ ബോംബിന്' പിന്നില്‍ സിപിഎമ്മോ? പത്തനംതിട്ട എംപി ഊരാക്കൂടുക്കില്‍

Update: 2026-02-08 02:03 GMT

പത്തനംതിട്ട: പത്തനംതിട്ട എം.പി ആന്റോ ആന്റണിയെ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങള്‍ വിരട്ടുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം നേരിടുന്ന നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഉടമ എന്‍.എം. രാജുവിന്റെ വെളിപ്പെടുത്തലോടെയാണ് എം.പി വലിയ നിയമക്കുരുക്കിലേക്ക് നീങ്ങുന്നത്.

എം.പി തന്റെ പക്കല്‍ നിന്ന് രണ്ട് കോടി രൂപ കടം വാങ്ങിയെന്നും ഏഴ് വര്‍ഷം കഴിഞ്ഞിട്ടും അത് തിരികെ നല്‍കിയില്ലെന്നുമാണ് രാജു വെളിപ്പെടുത്തിയത്. കെ.പി.സി.സിയുടെ താത്കാലിക അധ്യക്ഷസ്ഥാനത്തേക്ക് കണ്ണുവെച്ച് ആന്റോ ആന്റണി നീക്കങ്ങള്‍ നടത്തുന്നതിനിടെ പുറത്തുവന്ന ഈ ആരോപണം അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് നിയമസഭയിലേക്ക് മത്സരിക്കും. ഈ സാഹചര്യത്തില്‍ ചുമതല താല്‍കാലികമായി മറ്റൊരാള്‍ക്ക് കൊടുക്കാന്‍ ആലോചനയുണ്ടായിരുന്നു. ആന്റോ ആന്റണിയും ഇതിന് വേണ്ടി ചരടു വലികള്‍ നടത്തി. ഇതിനിടെയാണ് ആരോപണം വരുന്നത്.

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നെടുംപറമ്പില്‍ ഫിനാന്‍സില്‍ ഇ.ഡി നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഈ പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. ശബരിമല തന്ത്രി കണ്ഠര് രാജീവര് ഈ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. ഈ സാഹചര്യത്തില്‍, സ്ഥാപന ഉടമയില്‍ നിന്ന് എം.പി വാങ്ങിയ രണ്ട് കോടി രൂപയുടെ സ്രോതസ്സിനെക്കുറിച്ചും അതിന്റെ വിനിയോഗത്തെക്കുറിച്ചും ഇ.ഡി വിശദമായ പരിശോധന നടത്തും.

പണം നല്‍കിയതിന്റെ ബാങ്ക് രേഖകള്‍ കൈവശമുണ്ടെന്ന് ഉടമ വ്യക്തമാക്കിയതോടെ ആന്റോ ആന്റണിയുടെ മൊഴി എടുക്കാനുള്ള നീക്കത്തിലാണ് അന്വേഷണ ഏജന്‍സികള്‍. 2 കോടിയുടെ ഇടപാട് കള്ളപ്പണത്തിന്റേതാണ്. ഇതിനൊപ്പം ഇത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനാണെന്നും വെളിപ്പെടുത്തലുണ്ട്. ഇത്രയും തുക തിരഞ്ഞെടുപ്പില്‍ ചെലവാക്കാനും പറ്റില്ല. സ്ഥാനാര്‍ത്ഥിയുടെ കണക്കില്‍ ഈ തുക വന്നോ എന്നും പരിശോധിക്കാം. ഇതെല്ലാം ആന്റോയ്ക്ക് കരുക്കായി മാറും.

രണ്ട് മാസത്തിനകം നല്‍കാമെന്ന് പറഞ്ഞ് വാങ്ങിയ തുകയില്‍ വെറും 20 ലക്ഷം മാത്രമാണ് ഇതുവരെ തിരികെ നല്‍കിയതെന്ന് എന്‍.എം. രാജു ആരോപിക്കുന്നു. പണത്തിനായി എം.പിയുടെ വീട്ടില്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നും, യു.ഡി.എഫില്‍ ആയിരുന്ന കാലത്തെ വ്യക്തിപരമായ ബന്ധം വെച്ചാണ് ഈടുമില്ലാതെ പണം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. പണം എം.പി എന്തിന് ഉപയോഗിച്ചു എന്നതിലടക്കം ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാവുകയാണ്. സിപിഎം ആണ് ആരോപണത്തിന് പിന്നിലെന്ന പ്രതിരോധമാണ് ആന്റോ ആന്റിയുടേത്.

ശബരിമലയുമായി ബന്ധപ്പെട്ട സാമ്പത്തിക കേസിലേക്ക് എം.പിയുടെ പേരും വലിച്ചിഴയ്ക്കപ്പെടുന്നത് വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിനും വലിയ തലവേദനയാകും. ഈ ആരോപണത്തില്‍ ആന്റോ ആന്റണിയുടെ വിശദീകരണവും തൃപ്തികരമല്ല. പണം വാങ്ങിയെന്നും തിരിച്ചു കൊടുത്തുവെന്നുമാണ് ആന്റോ പറയുന്നത്. നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഫിനാന്‍സ് സ്ഥാപന ഉടമയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ എന്‍.എം. രാജുവിന്റെ വെളിപ്പെടുത്തല്‍ ആന്റോയെ വെട്ടിലാക്കിയെന്നതാണ് വസ്തുത.

ആന്റോ ആന്റണിയുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പുറത്താണ് യാതൊരു ഈടുമില്ലാതെ (കൊളാറ്ററല്‍) ഓഫീസിലെ അക്കൗണ്ട് വഴി ഈ പണം നല്‍കിയത്. അന്ന് തങ്ങള്‍ യു.ഡി.എഫിന്റെ ഭാഗമായിരുന്നതിനാലാണ് ഇത്തരമൊരു സഹായം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. 2018-19 കാലയളവില്‍ പണം നല്‍കുമ്പോള്‍ കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫിലായിരുന്നു. എന്നാല്‍, പിന്നീട് മുന്നണിയില്‍നിന്ന് പുറത്താക്കപ്പെട്ടതോടെ എല്‍.ഡി.എഫുമായി സഹകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പണമിടപാടില്‍ യാതൊരു അസ്വാഭാവികതയുമില്ലെന്നും എല്ലാ രേഖകളും കൃത്യമാണെന്നും എന്‍.എം. രാജു പറഞ്ഞു. യാതൊരു ഈടുമില്ലാതെ പണം നല്‍കിയത് കള്ളപ്പണമാണോ എന്ന ചോദ്യത്തിന്, പണം എം.പി എങ്ങനെ ഉപയോഗിച്ചു എന്നത് അദ്ദേഹത്തോടാണ് ചോദിക്കേണ്ടതെന്നും താന്‍ വസ്തുതകള്‍ മാത്രമാണ് പറയുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പണം തിരികെ ലഭിക്കണമെന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് ഇതുവരെ പോലീസില്‍ പരാതി നല്‍കാതിരുന്നതെന്നും ഇപ്പോള്‍ ഈ വിഷയം പരസ്യമാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഫിനാന്‍സ് സ്ഥാപനത്തിന്റെ ഉടമയാണ് എന്‍.എം. രാജു. തന്ത്രി കണ്ഠര് രാജീവര് സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചത് സംബന്ധിച്ച് അന്വേഷിക്കാനായി നെടുംപറമ്പില്‍ ഫിനാന്‍സില്‍ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു.

Tags:    

Similar News