നിമിഷപ്രിയയുടെ മോചനത്തില്‍ കാന്തപുരവും ഡോവലും ഒരുമിച്ച് നീങ്ങും; യെമനിലെ നയതന്ത്ര നീക്കങ്ങള്‍ക്ക് കാന്തപുരത്തിന് മോദിയുടെ സര്‍വ്വ പിന്തുണ; കാന്തപുരത്തെ ദേശീയ മുസ്ലീമായി അംഗീകരിച്ച് പ്രധാനമന്ത്രി; മോദി ഉടന്‍ മര്‍ക്കസിലും എത്തിയേക്കും; ഡല്‍ഹിയിലെ 'സുന്നി' നയതന്ത്രത്തിന് മാനങ്ങള്‍ പലത്; ബിജെപിയും 'വിസ്മയ'ത്തിനോ?

Update: 2026-02-17 02:09 GMT

ന്യൂഡല്‍ഹി: കേരളത്തിലെ പ്രബല സുന്നി വിഭാഗം നേതാവ് കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരെ 'ദേശീയ മുസ്ലിം' മുഖമായി അംഗീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേദിയും കാന്തപുരവും നടത്തിയ കൂടിക്കാഴ്ച കേരള രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സാന്നിധ്യം ഏറെ നിര്‍ണ്ണായകമായിരുന്നു.

മുസ്ലിം സമുദായത്തെ ബിജെപിയുമായി അടുപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ദീര്‍ഘകാല ശ്രമങ്ങളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്. വഖഫ് ബോര്‍ഡ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇടതുപക്ഷവുമായി കാന്തപുരം വിഭാഗം അകല്‍ച്ചയിലാണെന്ന സൂചനകള്‍ നിലനില്‍ക്കെ, ഡല്‍ഹിയില്‍ കാന്തപുരത്തിന് ലഭിച്ച ഉജ്ജ്വല സ്വീകരണം രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാന്തപുരത്തിന്റെ ഇടപെടലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ചതായാണ് വിവരം.

അജിത് ഡോവലിന്റെ സാന്നിധ്യം ഈ നീക്കങ്ങള്‍ക്ക് നയതന്ത്രപരമായ ഗൗരവം നല്‍കുന്നു. നിമിഷ പ്രിയ കേസിലെ ചര്‍ച്ചകളായതു കൊണ്ടാണ് ഡോവല്‍ എത്തിയതെന്നാണ് സൂചന. യെമന്‍ സര്‍ക്കാരുമായി ഡോവലും നിരന്തരം ഇടപെടുന്നുണ്ട്. നിമിഷ പ്രിയയുടെ മോചനം ഉടന്‍ ഉണ്ടാകുമെന്നും സൂചനകളുണ്ട്. ഇതിന്റെ സാധ്യതകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് മോദിയും കാന്തപുരവും തമ്മില്‍ കണ്ടത്. കാന്തപുരത്തിന്റെ മര്‍ക്കസില്‍ മോദി താമസിയാതെ എത്താനും സാധ്യതയുണ്ട്.

സമസ്തയുടെയും മര്‍ക്കസിന്റെയും വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചതും കാന്തപുരം വിഭാഗത്തെ ദേശീയതലത്തില്‍ ഉയര്‍ത്തിക്കാട്ടാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമാണ്. വഖഫ് നിയമം, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍, ദേശീയപാത വികസനം തുടങ്ങിയ വിഷയങ്ങളില്‍ കാന്തപുരം ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്രം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചതായാണ് സൂചന. അലിഗഢ് സര്‍വകലാശാല മലപ്പുറം സെന്ററിന്റെ വികസനവും മൗലാനാ ആസാദ് ഫെലോഷിപ്പ് പുനഃസ്ഥാപിക്കലും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയായി.

ഇടതുപക്ഷത്തിന്റെ ഉറച്ച വോട്ട് ബാങ്കായിരുന്ന എ.പി സുന്നി വിഭാഗം കേന്ദ്ര ഭരണകൂടവുമായി നേരിട്ട് സംവാദത്തിന് തയ്യാറായത് സി.പി.എമ്മിന് വലിയ തിരിച്ചടിയാണ്. അടുത്തിടെ നടന്ന കേരള യാത്രയില്‍ ലഭിച്ച ജനകീയ നിവേദനങ്ങള്‍ കാന്തപുരം പ്രധാനമന്ത്രിക്ക് കൈമാറി. മുസ്ലിം സമുദായത്തിനിടയിലെ ഭയാശങ്കകള്‍ അകറ്റാന്‍ ഇത്തരമൊരു കൂടിക്കാഴ്ച അനിവാര്യമാണെന്ന നിലപാടിലാണ് കാന്തപുരം വിഭാഗം. കാന്തപുരം ഇനി സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ നിര്‍ണ്ണായകമാകും.

കേന്ദ്രവുമായുള്ള ഈ പുതിയ അടുപ്പം കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ എങ്ങനെ മാറ്റിമറിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. കേരളത്തിലെ ന്യൂനപക്ഷങ്ങളെ അടുപ്പിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനുള്ള നീക്കങ്ങള്‍ ഇനിയും തുടരുമെന്നാണ് സൂചന.

Tags:    

Similar News