സി.പി.എമ്മില്‍ 'ഇഷ്ടക്കാര്‍ക്ക്' ഇളവ്, ശൈലജ ടീച്ചര്‍ക്ക് പുറത്തേക്കോ? കണ്ണൂരില്‍ ജയരാജന്മാര്‍ നിരാശയില്‍; വെട്ടിനിരത്തലുകള്‍ക്കിടെ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ പ്രതീക്ഷയില്‍ ശൈലജ; എട്ട് വനിതാ എംഎല്‍എമാരില്‍ ഇനി മത്സരിക്കാന്‍ അവസരം മന്ത്രിമാരായ വീണാ ജോര്‍ജിനും ബിന്ദുവിനും മാത്രം; വെട്ടിനിരത്തുന്നത് ആരെ എല്ലാം?
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാകുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ പുകയുന്നത് കടുത്ത അതൃപ്തി. ഔദ്യോഗിക നേതൃത്വത്തിന് താല്‍പ്പര്യമുള്ളവര്‍ക്ക് 'രണ്ട് ടേം' വ്യവസ്ഥയില്‍ ഉദാരമായി ഇളവ് അനുവദിക്കുമ്പോള്‍, ജനകീയ മുഖങ്ങളെ വെട്ടിനിരത്തുന്ന തന്ത്രപരമായ നീക്കമാണ് നടക്കുന്നത്. കണ്ണൂരില്‍ പി. ജയരാജന്‍ അടക്കമുള്ള പ്രമുഖര്‍ നിരാശയിലാണ്. എന്നാല്‍, മട്ടന്നൂരില്‍ നിന്ന് മാറ്റപ്പെട്ട കെ.കെ. ശൈലജ ടീച്ചര്‍ക്ക് വേണ്ടി കേന്ദ്ര നേതൃത്വം ഇടപെട്ടേക്കുമെന്നും, പകരമായി ശൈലജ പേരാവൂരില്‍ മത്സരിക്കേണ്ടി വരുമെന്നുമാണ് ഒടുവില്‍ ലഭിക്കുന്ന സൂചന.
നിലവിലെ എട്ട് വനിതാ എം.എല്‍.എമാരില്‍ മന്ത്രിമാരായ വീണാ ജോര്‍ജ്, ആര്‍. ബിന്ദു, സംവരണ മണ്ഡലത്തില്‍ നിന്നുള്ള ശാന്തകുമാരി എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും ആദ്യഘട്ട പട്ടികയില്‍ ഇടമില്ല. വീണാ ജോര്‍ജിന് മൂന്നാം തവണയും ആറന്മുളയില്‍ മത്സരിക്കാന്‍ സംസ്ഥാന നേതൃത്വം പച്ചക്കൊടി കാട്ടുമ്പോള്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരെ ഉയര്‍ന്നു കേട്ട ശൈലജ ടീച്ചറുടെ പേര് മട്ടന്നൂരില്‍ നിന്ന് ഒഴിവാക്കി. യുവ നേതാക്കളെ കൊണ്ടുവരാന്‍ വേണ്ടിയാണ് മാറ്റം എന്ന വാദം ഉയര്‍ത്തുമ്പോഴും, ഇഷ്ടക്കാര്‍ക്ക് നല്‍കുന്ന ഇളവുകള്‍ ഈ വാദത്തിന്റെ മുനയൊടിക്കുന്നു.
കണ്ണൂരിലെ ഉരുക്കുകോട്ടയില്‍ സര്‍വ്വാധിപത്യം ഉറപ്പിക്കാനുള്ള എം.വി. ഗോവിന്ദന്റെ നീക്കങ്ങള്‍ ജയരാജന്മാര്‍ക്ക് തിരിച്ചടിയാവുകയാണ്. ഇ.പി. ജയരാജന്‍, പി. ജയരാജന്‍, എം.വി. ജയരാജന്‍ എന്നീ അതികായന്മാര്‍ക്ക് ഇത്തവണ സീറ്റില്ല. പകരം വി.കെ. സനോജിനെപ്പോലുള്ള വിശ്വസ്തരെ മട്ടന്നൂര്‍ പോലുള്ള സുരക്ഷിത മണ്ഡലങ്ങളില്‍ ഉറപ്പിക്കാനാണ് നീക്കം. ഇതിനിടയിലും ഫണ്ട് വിവാദത്തില്‍ അച്ചടക്ക നടപടി നേരിട്ട ടി.ഐ. മധുസൂദനനെ പയ്യന്നൂരില്‍ നിലനിര്‍ത്തുന്നത് അണികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിശ്വസ്തര്‍ക്ക് വേണ്ടി അച്ചടക്കവും ടേം വ്യവസ്ഥയും കാറ്റില്‍ പറത്തുകയാണെന്ന് വിമര്‍ശനം ഉയരുന്നു.
പാര്‍ട്ടിയെ സംഘടനാരീതിയില്‍ ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുമ്പോള്‍, ഭാര്യ പി.കെ. ശ്യാമള ടീച്ചറെ തളിപ്പറമ്പില്‍ മത്സരിപ്പിക്കാനാണ് ധാരണ. അധികാര കേന്ദ്രത്തില്‍ തന്റെ വിശ്വസ്തര്‍ മാത്രം മതിയെന്ന ഉറച്ച തീരുമാനത്തിന്റെ ഭാഗമാണ് ജില്ലയിലെ കരുത്തുറ്റ നേതാക്കളെ ഒഴിവാക്കാനുള്ള നീക്കം. ശൈലജ ടീച്ചറെ മട്ടന്നൂരില്‍ നിന്ന് ഒഴിവാക്കുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് കേന്ദ്ര നേതൃത്വത്തിന് ബോധ്യമുണ്ട്. ഈ സാഹചര്യത്തിലാണ് അവര്‍ പേരാവൂരില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്.
ആലപ്പുഴയില്‍ തോമസ് ഐസക്കിനെ മത്സരിപ്പിക്കാന്‍ ദെലീമയുടെ സീറ്റ് തെറിച്ചതും, ആറ്റിങ്ങലില്‍ ഒ.എസ്. അംബികയെ മാറ്റി പി.കെ. ബിജുവിനെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതും പട്ടികയിലെ 'തന്ത്രപരമായ' ഇടപെടലുകള്‍ക്ക് ഉദാഹരണമാണ്. നിലവിലെ ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പട്ടികയില്‍ സംസ്ഥാന നേതൃത്വവും കേന്ദ്രവും എത്രത്തോളം തിരുത്തലുകള്‍ വരുത്തും എന്നതിനെ ആശ്രയിച്ചിരിക്കും കണ്ണൂരിലെയും കേരളത്തിലെയും സി.പി.എം രാഷ്ട്രീയം.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ കരട് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുമ്പോള്‍ വനിതാ എം.എല്‍.എമാര്‍ക്ക് തിരിച്ചടി എന്നതാണ് വസ്തുത. മന്ത്രിമാരായ വനിതകള്‍ ഒഴികെയുള്ള മിക്ക സിറ്റിംഗ് എം.എല്‍.എമാരെയും ഒഴിവാക്കിക്കൊണ്ടുള്ള പട്ടികയാണ് ജില്ലാ സെക്രട്ടേറിയറ്റുകള്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്. കെ.കെ. ശൈലജ, യു. പ്രതിഭ, ദലീമ ജോജോ തുടങ്ങിയ പ്രമുഖര്‍ ഇത്തവണ പട്ടികയിലില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. ശൈലജയെ മട്ടന്നൂരില്‍ നിന്ന് ഒഴിവാക്കിയത് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയാവുകയാണ്. ഇത്തവണ പലര്‍ക്കും 'രണ്ട് ടേം' വ്യവസ്ഥയില്‍ ഇളവ് നല്‍കാന്‍ തീരുമാനമുണ്ടെങ്കിലും ശൈലജ ടീച്ചറുടെ കാര്യത്തില്‍ അത് വേണ്ടെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. ടീച്ചറെ പേരാവൂര്‍ പോലെ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലത്തിലേക്ക് മാറ്റാനോ അല്ലെങ്കില്‍ പൂര്‍ണ്ണമായും ഒഴിവാക്കാനോ ഉള്ള നീക്കമാണ് നടക്കുന്നത്.
കായംകുളത്ത് നിന്ന് വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ യു. പ്രതിഭയെ ഇത്തവണ പരിഗണിച്ചിട്ടില്ല. പാര്‍ട്ടിയിലെ വിഭാഗീയതയും പ്രാദേശിക എതിര്‍പ്പുമാണ് പ്രതിഭയ്ക്ക് തിരിച്ചടിയായത്. ആറ്റിങ്ങലില്‍ ഒ.എസ്. അംബികയെ മാറ്റി പി.കെ. ബിജുവിനെ മത്സരിപ്പിക്കാനാണ് ആലോചന. അരൂരില്‍ ദലീമ ജോജോയ്ക്ക് പകരം മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെ ഇറക്കി മണ്ഡലം ഉറപ്പിക്കാനാണ് പാര്‍ട്ടിയുടെ പ്ലാന്‍. സിറ്റിംഗ് എം.എല്‍.എമാരില്‍ മന്ത്രിമാരായ വീണാ ജോര്‍ജ് (ആറന്മുള), ആര്‍. ബിന്ദു (ഇരിങ്ങാലക്കുട), കോങ്ങാട് എം.എല്‍.എ ശാന്തകുമാരി എന്നിവര്‍ക്ക് മാത്രമാണ് ഇളവ് ലഭിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള തളിപ്പറമ്പിലോ പരിസരത്തോ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. യുവനേതാക്കളായ ചിന്ത ജെറോം, ആര്യ രാജേന്ദ്രന്‍, അനുശ്രീ കോലോത്ത് തുടങ്ങിയവരുടെ പേരുകള്‍ പരിഗണനയിലുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.
സി.എസ്. സുജാത, ശിവപ്രസാദ് തുടങ്ങിയവരുടെ പേരുകള്‍ കായംകുളത്ത് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ജനകീയരായ വനിതാ നേതാക്കളെ വെട്ടിനിരത്തി സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നേതൃത്വത്തിന്റെ നീക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വനിതാ വോട്ടുകളെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക അണികള്‍ക്കിടയിലുണ്ട്.
