ഭരണവിരുദ്ധ വികാരം മറികടന്ന് 2021-ല്‍ തുടര്‍ഭരണമെന്ന ചരിത്രം കുറിച്ച ഇടതുപക്ഷത്തിന് ഇത്തവണത്തെ പോരാട്ടം അത്യന്തം നിര്‍ണ്ണായകം; ഹാട്രിക്കിന് പിണറായി; അധികാരത്തില്‍ തിരിച്ചുവരവിന് യുഡിഎഫ്; കളം പിടിക്കാന്‍ എന്‍ഡിഎ; മത-സമുദായ-ജാതി സമവാക്യങ്ങള്‍ 'ദൈവത്തിന്റെ സ്വന്തം നാട്ടിലും' ഇന്ന് നിര്‍ണ്ണായകം; എല്ലാം അടിയൊഴുക്ക് നിശ്ചയിക്കും; കേരളം ആര് പിടിക്കും? ഏപ്രിലില്‍ പ്രചരണ ചൂട്
തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതോടെ വിപ്ലവകരമായ ഒരു രാഷ്ട്രീയ പോരാട്ടത്തിനാണ് വിളംബരമുയര്‍ന്നിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം വിജയത്തിലൂടെ 'ഹാട്രിക്' അടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം കച്ചമുറുക്കുമ്പോള്‍, നഷ്ടപ്പെട്ട ഭരണം എന്തുവിലകൊടുത്തും തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും കളം നിറയുകയാണ്. ഇതിനിടയില്‍ ഇരുമുന്നണികളെയും അട്ടിമറിച്ച് കരുത്തുതെളിയിക്കാന്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയും തയ്യാറെടുക്കുന്നതോടെ ഇത്തവണത്തെ പോരാട്ടം പ്രവചനാതീതമായി മാറുകയാണ്.
ഭരണവിരുദ്ധ വികാരം മറികടന്ന് 2021-ല്‍ തുടര്‍ഭരണമെന്ന ചരിത്രം കുറിച്ച ഇടതുപക്ഷത്തിന് ഇത്തവണത്തെ പോരാട്ടം അത്യന്തം നിര്‍ണ്ണായകമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ കരുത്തിലും വികസന നേട്ടങ്ങളിലും ഊന്നിയാകും എല്‍ഡിഎഫ് പ്രചാരണം. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയും കേരളത്തിന് അര്‍ഹമായ വിഹിതം നല്‍കാത്തതും പ്രധാന രാഷ്ട്രീയ ആയുധമാക്കാന്‍ സിപിഎം ഒരുങ്ങുന്നു. എന്നാല്‍, സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ വികാരവും മറികടക്കുക എന്നത് എല്‍ഡിഎഫിന് വലിയ വെല്ലുവിളിയാകും.
ദേശീയ തലത്തില്‍ ബിജെപിയെ നേരിടുന്ന കോണ്‍ഗ്രസിന് കേരളത്തിലെ വിജയം അനിവാര്യമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആധിപത്യം നിയമസഭയിലും ആവര്‍ത്തിക്കാനാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റേയും നേതൃത്വത്തില്‍ താഴെത്തട്ടില്‍ പാര്‍ട്ടിയെ സജ്ജമാക്കിക്കഴിഞ്ഞു. ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റുന്നതിനൊപ്പം മുസ്ലിം ലീഗിന്റെ അടിയുറച്ച വോട്ടുകളും കൂടി ചേരുന്നതോടെ ഭരണം പിടിക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അനിശ്ചിതത്വങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ പരിഹരിച്ച് പൂര്‍ണ്ണ സജ്ജമാകാനാണ് യുഡിഎഫ് നീക്കം. തൃശ്ശൂരിലെ ലോക്‌സഭാ വിജയത്തോടെ ലഭിച്ച ആത്മവിശ്വാസത്തിലാണ് ബിജെപി.
കൂടുതല്‍ നിയമസഭാ സീറ്റുകള്‍ പിടിച്ചെടുത്ത് നിര്‍ണ്ണായക ശക്തിയാകാനാണ് എന്‍ഡിഎ ലക്ഷ്യം വെക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരണ്ടിയും വികസന അജണ്ടയും അവര്‍ മുന്‍നിര്‍ത്തും. കിഴക്കമ്പലം മോഡല്‍ വികസനവുമായി എത്തുന്ന ട്വന്റി ട്വന്റിയും നഗരമേഖലകളില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നതോടെ എന്‍ഡിഎയ്ക്ക് പുതിയ പ്രതീക്ഷയാണ്. എല്ലാ മുന്നണികളുടെയും പ്രകടന പത്രികകളില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുടെ പെരുമഴയുണ്ടാകും. ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ തീര്‍ക്കുക തുടങ്ങിയവ പ്രധാന വാഗ്ദാനങ്ങളാകും. സ്ഥാനാര്‍ത്ഥി ചിത്രം രണ്ടു ദിവസത്തിനുള്ളില്‍ വ്യക്തമാകുന്നതോടെ ഏപ്രില്‍ മാസം കേരളം പ്രചാരണച്ചൂടില്‍ ഉരുകും.
ഏപ്രിലില്‍ നടക്കുന്ന പോളിംഗിന് ശേഷം മെയ് ആദ്യവാരത്തോടെ ഫലപ്രഖ്യാപനം ഉണ്ടാകും. പിണറായിസം തകരുമോ അതോ ഹാട്രിക്കിലൂടെ കമ്മ്യൂണിസ്റ്റ് കോട്ട സുരക്ഷിതമായിരിക്കുമോ എന്നതിന് അപ്പോള്‍ ഉത്തരം ലഭിക്കും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും വാശിയേറിയ ഒരു തിരഞ്ഞെടുപ്പിനായിരിക്കും ഇനി കേരളം സാക്ഷ്യം വഹിക്കുക. കോണ്‍ഗ്രസിനും സിപിഎമ്മിനും ബിജെപിക്കും അതിനിര്‍ണ്ണായകമാണ് ഈ തിരഞ്ഞെടുപ്പ്. ഏപ്രില്‍ മാസത്തില്‍ പ്രചാരണച്ചൂട് കൊടുമുടിയിലെത്തുന്നതോടെ 'ദൈവത്തിന്റെ സ്വന്തം നാട്ടിലെ' വിധി നിശ്ചയിക്കുക നിര്‍ണ്ണായകമായ ജാതി-മത-സമുദായ സമവാക്യങ്ങളായിരിക്കും.
പിണറായി വിജയന്റെ കരുത്തുറ്റ നേതൃത്വവും വികസനത്തുടര്‍ച്ചയുമാണ് ഇടതുപക്ഷത്തിന്റെ പ്രധാന ആയുധം. എന്നാല്‍, 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ മുന്നേറ്റം എല്‍ഡിഎഫിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നു. ഭരണവിരുദ്ധ വികാരം മറികടക്കാന്‍ താഴെത്തട്ടിലുള്ള തിരുത്തലുകളുമായാണ് എല്‍ഡിഎഫ് ഇത്തവണ ജനങ്ങളെ സമീപിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തകര്‍പ്പന്‍ വിജയം യുഡിഎഫിന് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്. 81 നിയമസഭാ മണ്ഡലങ്ങളില്‍ തദ്ദേശ വോട്ടുകളുടെ അടിസ്ഥാനത്തില്‍ യുഡിഎഫിന് മേധാവിത്വമുണ്ട്. ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റി ക്ലിഫ് ഹൗസ് തിരിച്ചുപിടിക്കാനാണ് വി.ഡി. സതീശന്റെയും കെ. സുധാകരന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് നീക്കം.
ൃശ്ശൂര്‍ ലോക്‌സഭാ വിജയത്തിന് ശേഷം കേരളത്തില്‍ തങ്ങളുടെ വോട്ട് ബാങ്ക് 20-25 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ബിജെപി ലക്ഷ്യം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്തതും നഗരമേഖലകളിലെ സ്വാധീനവും ഇത്തവണ നിയമസഭയില്‍ പ്രതിനിധികളെ എത്തിക്കാന്‍ ബിജെപിയെ സഹായിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു, രണ്ടു ദിവസത്തിനുള്ളില്‍ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി ചിത്രം വ്യക്തമാകും. ഏപ്രില്‍ മാസത്തില്‍ താരപ്രചാരകരുടെ സാന്നിധ്യത്തില്‍ കേരളം രാഷ്ട്രീയ പൂരപ്പറമ്പായി മാറും. മെയ് ആദ്യവാരത്തില്‍ വോട്ടെണ്ണുമ്പോള്‍ പിണറായിസത്തിന്റെ ഹാട്രിക് വിജയമോ അതോ യുഡിഎഫിന്റെ തിരിച്ചുവരവോ എന്ന് വ്യക്തമാകും.
