കേരളത്തില്‍ ഏപ്രില്‍ 17-നും 24-നും ഇടയിലുള്ള തീയതികളില്‍ ഒന്നില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്നേക്കും; മെയ് ആദ്യവാരത്തോടെ ഫലപ്രഖ്യാപനം; കേരളവും തമിഴ്‌നാടും പുതുച്ചേരിയും ബംഗാളും അസമും ഇനി പ്രചരണ ചൂടില്‍ തിളയ്ക്കും; വോട്ടെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വാര്‍ത്താസമ്മേളനം വൈകിട്ട് 4-ന്; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അതിവേഗം നടക്കും
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 4 മണിക്ക് വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജ്യാനേഷ് കുമാര്‍ തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പുറത്തുവിടും. കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
കേരളത്തില്‍ ഏപ്രില്‍ 17-നും 24-നും ഇടയിലുള്ള തീയതികളില്‍ ഒന്നില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ പരിഗണിച്ചാവും കമ്മീഷന്‍ തീയതികള്‍ നിശ്ചയിക്കുക. മെയ് ആദ്യവാരത്തോടെ ഫലപ്രഖ്യാപനം ഉണ്ടായേക്കും. കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റഘട്ടമായും ബംഗാള്‍, അസം എന്നിവിടങ്ങളില്‍ വിവിധ ഘട്ടങ്ങളിലായും വോട്ടെടുപ്പ് നടത്താനാണ് കമ്മീഷന്റെ ആലോചന.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസങ്ങളില്‍ കേരളവും പശ്ചിമ ബംഗാളും സന്ദര്‍ശിച്ചിരുന്നു. കേരളത്തിലെ വോട്ടര്‍പട്ടിക പുതുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ബംഗാളിലെ വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പരിശോധനകളും പൂര്‍ത്തിയായ സാഹചര്യത്തിലാണ് തീയതി പ്രഖ്യാപനത്തിലേക്ക് കമ്മീഷന്‍ കടക്കുന്നത്.
വാര്‍ത്താസമ്മേളനം ആരംഭിക്കുന്നതോടെ സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലായ മുന്നണികള്‍ തീയതി പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണ പരിപാടികള്‍ക്ക് വേഗം കൂട്ടും. സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. ഇതിനുള്ള ചര്‍ച്ചകള്‍ എല്ലാ പാര്‍ട്ടികളും സജീവമാക്കിയിട്ടുണ്ട്.
