മൊന്‍ താ ചുഴലിക്കാറ്റില്‍ ആന്ധ്രയില്‍ വ്യാപക നാശനഷ്ടം; 43,000 ഹെക്ടറിലധികം കൃഷി നശിച്ചു; വൈദ്യുതി മേഖലയില്‍ 2,200 കോടി രൂപയുടെ നഷ്ടം; നിരവധി വിമാനങ്ങള്‍ റദ്ദാക്കി: ആറു മരണം
മൊന്‍ താ ചുഴലിക്കാറ്റില്‍ ആന്ധ്രയില്‍ വ്യാപക നാശനഷ്ടം
അമരാവതി: ആന്ധ്രാപ്രദേശില്‍ കനത്ത നാശം വിതച്ച് മൊന്‍ താ ചുഴലിക്കാറ്റ് തീരം തൊട്ടു. ആയിരക്കണക്കിന് ആളുകളെ മുന്‍കൂട്ടി ഒഴിപ്പിച്ചെങ്കിലും ഇതുവരെ ആറു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ആന്ധ്രാ തീരം തൊട്ട ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ട്. 35,000-ത്തിലധികം ആളുകള്‍ സുരക്ഷിത ക്യാമ്പുകളില്‍ ആണ്. ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം തുടങ്ങി നിരവധി ജില്ലകളില്‍ അതിശക്തമായ മഴ തുടരുകയാണ്. മച്ചിലിപട്ടണത്തിനും കാക്കിനാട ഗ്രാമത്തിനും ഇടയില്‍ അര്‍ധരാത്രിയോടെ ആണ് കാറ്റ് തീരം തൊട്ടത്.
തീരദേശം, റായലസീമ, തെലങ്കാന, തെക്കന്‍ ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്ക് സമീപത്ത് കൂടിയാണ് ചുഴലിക്കാറ്റ് കരയിലേക്ക് കയറിയത്. 43,000 ഹെക്ടറിലധികം കൃഷി നശിച്ചു. വൈദ്യുതി മേഖലയില്‍ ഏകദേശം 2,200 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. സബ്സ്റ്റേഷനുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവ വ്യാപകമായി തകര്‍ന്നു. 20 ട്രെയിനുകളും വിശാഖപട്ടണത്ത് നിന്ന് പുറപ്പെടേണ്ട 32 വിമാനങ്ങളും വിജയവാഡയില്‍ നിന്നുള്ള 16 വിമാനങ്ങളും റദ്ദാക്കി.
കാക്കിനടയില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. വീടുകളില്‍ വെള്ളം കയറുകയും റോഡുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. തീരദേശ ജില്ലകളിലെ 65 ഗ്രാമങ്ങളില്‍ നിന്നായി 10,000ത്തിലധികം പേരെയാണ് ക്യാംപുകളിലേക്കു മാറ്റി പാര്‍പ്പിച്ചത്. അതിനിടെ രാജമുണ്ട്രി വിമാനത്താവളത്തില്‍ നിന്നുള്ള 8 വിമാനങ്ങള്‍ റദ്ദാക്കി. തിരുപ്പതി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.
അയല്‍ സംസ്ഥാനമായ ഒഡീഷയിലും ചുഴലിക്കാറ്റിന്റെ ആഘാതം അനുഭവപ്പെട്ടു. ഒഡീഷയില്‍, സംസ്ഥാന സര്‍ക്കാര്‍ 2,000ത്തിലധികം ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. ആന്ധ്രയിലും ഒഡീഷയിലുമായി വ്യാപകമായി വിളനാശം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റിന്റെ ആഘാതം കുറഞ്ഞതായും തെക്കന്‍ ഒഡീഷയില്‍ കനത്തതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്നും ഐഎംഡി അധികൃതര്‍ അറിയിച്ചു. കാറ്റിന്റെ വേഗം വൈകാതെ 80 കിലോമീറ്റര്‍ ആയി കുറയുമെന്നും അധികൃതര്‍ വ്യക്തമാക്കി.
