ആഞ്ഞ് വീശുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കൊടുങ്കാറ്റ്; കരീബിയന്‍ ദ്വീപസമൂഹങ്ങളെ നിലംപരിശാക്കി മെലീസ താണ്ഡവം തുടരുന്നു; മുതലകള്‍ തെരുവിലൂടെ നീന്തുന്നു; റോഡുകള്‍ പുഴകളായി; എങ്ങും അസാധാരണ കാഴ്ചകള്‍; അമേരിക്കയുടെ സഹായം തേടി ജമൈക്ക
ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൊടുങ്കാറ്റ് എന്ന വിശേഷണത്തോടെ മെലീസ ചുഴലിക്കൊടുങ്കാറ്റ് താണ്ഡവം ആരംഭിച്ചതോടെ ജമൈക്കയെ ഒരു ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചു. കരീബിയന്‍ ദ്വീപിനെ തകര്‍ത്തെറിഞ്ഞ കാറ്റില്‍ 25,000 ഓളം വിനോദ സഞ്ചാരികള്‍ കുടുങ്ങിപ്പോയി. ക്യൂബ ലക്ഷ്യമാക്കി നീങ്ങുകയാണ് കരീബിയന്‍ ദ്വീപ് രാഷ്ട്രത്തെ കശക്കിയെറിഞ്ഞ കൊടുങ്കാറ്റ്. കാറ്റഗറി 5 ല്‍ പെടുന്ന കാറ്റായിട്ടായിരുന്നു ഇത് ജമൈക്കയെ സ്പര്‍ശിച്ചതെങ്കിലും പിന്നീട് നാഷണല്‍ ഹറിക്കെയ്ന്‍ സെന്റര്‍ ഇതിനെ ശക്തമായ കാറ്റഗറി 4 ലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു.
ഭക്ഷണത്തിനും, വെള്ളത്തിനും മറ്റ് അവശ്യ സാധനങ്ങള്‍ക്കുമായി ജനങ്ങള്‍ വലയുന്ന സാഹചര്യത്തിലാണ് ചൂഷണം ഒഴിവാക്കുന്നതിനാഇ ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്‍നെസ് രാജ്യത്തെ ഒരു ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചത്. ഏകദേശം 15,000 ഓളം ജമൈക്കന്‍ പൗരന്മാര്‍ അഭയ കേന്ദ്രങ്ങളില്‍ സംരക്ഷണം തേടിയപ്പോള്‍ 5,30,000 പേരാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ട് ഇരുട്ടിലായത്. ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ച ഉത്തരവില്‍ സര്‍ക്കാര്‍ വില വര്‍ദ്ധിപ്പിക്കുന്നതും, പഴയ കടങ്ങള്‍ ഈടാക്കാന്‍ ശ്രമിക്കുന്നതുമൊക്കെ നിരോധിച്ചിട്ടുണ്ട്.
സര്‍വ്വനാശകാരിയായ കാറ്റിന്റെയും, വെള്ളപ്പൊക്കത്തിന്റെയും കെടുതിയില്‍ നിന്നും രക്ഷനേടാനുള്ള ശ്രമത്തിന്റെ ഫലമായി ജമൈക്കന്‍ സര്‍ക്കാര്‍ അമേരിക്കന്‍ ഭരണകൂടത്തെ സഹായത്തിനായി സമീപിച്ചിട്ടുണ്ട്. അതിനോടൊപ്പം, സഹായങ്ങള്‍ ലഭ്യമാക്കാനായി ഒരു റിലീഫ് വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. കൊടുങ്കാറ്റിന്റെ ആദ്യ അലയൊലികള്‍ എത്തിയപ്പോള്‍ തന്നെ ജമൈക്കയിലും, ഹെയ്ത്തിയിലും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലുമായി ഏഴ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, കൊടുങ്കാറ്റ് രാജ്യത്തെ സ്പര്‍ശിച്ചതിനു ശേഷമുള്ള മരണങ്ങളുടെ കണക്ക് ലഭ്യമല്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്.
കതീനയുടെ തീവ്രതയും മറികടന്ന്, ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ശക്തമായ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ് മെലീസ. 2005 ല്‍ ന്യൂ ഓര്‍ലിയണ്‍സില്‍ ആഞ്ഞടിച്ച കത്രീന 125 ബില്യന്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടാക്കിയത്. ഒപ്പം 1,392 പേരുടെ ജീവനെടുക്കുകയും ചെയ്തിരുന്നു. കാറ്റഗറി 5 ല്‍ ഉള്‍പ്പെടുന്ന ഒരു കൊടുങ്കാറ്റിനെ അതിജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്ത് ഇല്ലെന്ന് പ്രധാനമന്ത്രി ഹോള്‍നെസ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. എത്രയും പെട്ടെന്ന് ദുരന്തത്തില്‍ നിന്നും കരകയറുക എന്നതാണ് ഇപ്പോള്‍ മുന്നിലുള്ള വെല്ലുവിളി എന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഈയാഴ്ച യാത്ര ആസൂത്രണം ചെയ്ത അഞ്ച് ആഡംബര നൗകകളെങ്കിലും കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ വഴി തിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. മോണ്ടെഗോ ബേ, ഗ്രാന്‍ഡ് കേയ്മാന്‍, ഗ്രാന്‍ഡ് ടര്‍ക്ക്, ആംബെര്‍ കോവ് എന്നിവിടങ്ങളിലെ സ്റ്റോപ്പുകളാണ് എടുത്തു കളഞ്ഞത്. അതിനു പകരമായി ഇവ മെക്സിക്കൊ, ഹോണ്ടുറാസ്, ബെലീസ്, നാസൗ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.
കരമാര്‍ഗ്ഗമുള്ള യാത്രകളും ഏതാണ്ട് പൂര്‍ണ്ണമായി തന്നെ തടസ്സപ്പെട്ടിരിക്കുകയണ്. ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കില്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ, ഓരോ പ്രദേശത്തിന്റെയും വെള്ളപ്പൊക്കം, റോഡുകള്‍ക്കുണ്ടായ കേടുപാടുകള്‍, മറ്റ് പ്രശ്നങ്ങള്‍ എന്നിവയുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
