ജീവനക്കാരിയെ കടന്നു പിടിച്ച് ഉമ്മ വച്ചു; 'നാളെ മുതല്‍ കടയില്‍ വന്നോണം; ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും ആരോടും പറയരുതെന്നും' ഭീഷണിയും; പത്തനംതിട്ടയില്‍ സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗത്തിനെതിരേ കേസ് എടുത്ത് പോലീസ്; അറസ്റ്റ് ഒഴിവാക്കാന്‍ ശ്രമം
ജീവനക്കാരിയെ കടന്നു പിടിച്ച് ഉമ്മ വച്ചു
പത്തനംതിട്ട: സ്വന്തം കടയിലെ ജീവനക്കാരിയെ കടന്നു പിടിച്ച് ചുംബിക്കുകയും വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ഉടമയ്ക്ക് എതിരേ പോലീസ് കേസെടുത്തു. കലക്ടറേറ്റിന് സമീപം സ്ഥാപനം നടത്തുന്ന അഞ്ചക്കാല സ്വദേശി കോശി തങ്കച്ചന് (62) എതിരേയാണ് കേസ്. സിപിഎം അഞ്ചക്കാല ബ്രാഞ്ച് കമ്മറ്റിയംഗമാണ് കോശി.
കഴിഞ്ഞ 13 ന് രാവിലെ 9.20 നാണ് സംഭവം. കടയുടെ അകത്ത് തൂത്തു വൃത്തിയാക്കിക്കൊണ്ടിരുന്ന പരാതിക്കാരിയെ സിസിടിവി ഓഫ് ചെയ്ത ശേഷമാണ് കടന്നു പിടിച്ച് ബലമായി ചുംബിച്ചതെന്ന് മൊഴിയില്‍ പറയുന്നു. അതിന് ശേഷമാണ് ഭീഷണി മുഴക്കിയത്. ഈ സംഭവം ആരോടും പറയരുതെന്നും നാളെ മുതല്‍ കടയില്‍ വന്നോണമെന്നും പരാതിക്കാരിയോട് പറഞ്ഞു. ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന ഭീഷണിയും മുഴക്കി.
യുവതി പോലീസ് പരാതി നല്‍കിയെങ്കിലും പാര്‍ട്ടി ഇടപെടല്‍ മൂലം കേസ് എടുക്കാന്‍ വൈകി. ഉന്നത നേതാക്കള്‍ അടക്കം പോലീസിന് മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന് പറയുന്നു. യുവതി പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു.
ഒത്തുതീര്‍പ്പ് ഒരു കാരണവശാലും നടക്കില്ലെന്ന് വന്നതോടെ കഴിഞ്ഞ 20 ന് പോലീസ് എഫ്ഐആര്‍ ഇട്ടു. ബിഎന്‍എസിലെ 126(2), 74, 351(2) വകുപ്പുകള്‍ പ്രകാരമാണ് കേസ്. വിവരം രഹസ്യമാക്കി വച്ചിരിക്കുകയാണ്.