ഇഡി നോട്ടീസ് മറ്റ് എക്‌സ്‌പോര്‍ട്ടേഴ്‌സിനും വന്നിട്ടുണ്ട്, കിറ്റെക്‌സ് ഒരു ക്രമക്കേടും നടത്തിയിട്ടില്ല; ഇ.ഡി ചില കാര്യങ്ങളില്‍ വ്യക്തത തേടുക മാത്രമാണുണ്ടായത്; ഇഡിയുടെ പേര് പറഞ്ഞ് വ്യാജവാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നോട്ടീസ് അയക്കും; വാര്‍ത്ത തെറ്റെന്ന് തെളിഞ്ഞാല്‍ ചാനല്‍ പൂട്ടാന്‍ ഉടമ തയ്യാറാണോ? മറുപടിയുമായി സാബു എം ജേക്കബ്
ഇഡി നോട്ടീസ് മറ്റ് എക്‌സ്‌പോര്‍ട്ടേഴ്‌സിനും വന്നിട്ടുണ്ട്, കിറ്റെക്‌സ് ഒരു ക്രമക്കേടും നടത്തിയിട്ടില്ല
കൊച്ചി: ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനം ഇഡിയുടെ നോട്ടീസിന് പിന്നാലെയാണെന്ന വാര്‍ത്തക്ക് മറുപടിയുമായി സാബു എം ജേക്കബ്. ഇഡിയുടെ നോട്ടീസ് കിട്ടിയിരുന്നു എന്ന് സമ്മതിച്ച അദ്ദേഹം അത് സ്വാഭാവിക നടപടിയയാണെന്നാണ് വിശദീകരിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തനിക്ക് നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കിറ്റെക്‌സ് ഗ്രൂപ്പ് എം.ഡി സാബു എം. ജേക്കബ് വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ വിദേശ വിനിമയ ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ആയിരത്തിലധികം കയറ്റുമതിക്കാര്‍ക്ക് നല്‍കിയ സാധാരണ നോട്ടീസ് മാത്രമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇഡിയുടെ പേര് പറഞ്ഞ് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നോട്ടീസ് അയക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിദേശ വ്യാപാരം നടത്തുന്നവര്‍ക്ക് ഒന്നോ രണ്ടോ ഡോളറിന്റെ വിനിമയ വ്യത്യാസം വന്നാല്‍ റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്ന പിഴയല്ലാതെ ഇതില്‍ അറസ്റ്റ് ചെയ്യാനോ തടവിലിടാനോ നിയമമില്ലെന്ന് സാബു എം. ജേക്കബ് പറഞ്ഞു. വിദേശ പണം ഇടപാടുകള്‍ നൂറു ശതമാനവും ഇന്ത്യയില്‍ എത്തിയെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്രം ആരംഭിച്ച നടപടിയുടെ ഭാഗമായി കേരളത്തിലെ നൂറോളം എക്‌സ്‌പോര്‍ട്ടര്‍മാര്‍ക്കും സമാനമായ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇത് കേവലം നിയമപരമായ ഒരു ട്രാന്‍സാക്ഷന്‍ മാത്രമാണെന്നും കള്ള ഡോക്യുമെന്റുകള്‍ ഉപയോഗിച്ച് ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
വ്യാജവാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ചാനലിന് നാളെ പത്ത് മണിക്ക് മുന്‍പായി നോട്ടീസ് അയക്കുമെന്നും ടെലികാസ്റ്റിങ് മന്ത്രാലയത്തിന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ഒരു ഡോളറിന്റെ നിയമലംഘനമെങ്കിലും നടത്തിയെന്ന് തെളിയിച്ചാല്‍ കമ്പനി എഴുതിത്തരാമെന്നും എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന് തെളിഞ്ഞാല്‍ ചാനല്‍ പൂട്ടാന്‍ ഉടമ തയ്യാറാണോ എന്നും അദ്ദേഹം വെല്ലുവിളിച്ചു.
കഴിഞ്ഞ മാസങ്ങളില്‍ തന്റെ ഓഫീസിലെ സി.എഫ്.ഒ ഇഡി ഓഫീസില്‍ പോയത് വിവരങ്ങള്‍ കൈമാറാനാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ജിഎസ്ടി, ഇന്‍കം ടാക്‌സ്, കസ്റ്റംസ് ഓഫീസുകളില്‍ കൃത്യമായി രേഖകള്‍ ഹാജരാക്കാറുള്ളതുപോലെ ഇതിനെയും കണ്ടാല്‍ മതിയെന്നും വക്കീലിന്റെയോ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റേയോ ആവശ്യമില്ലാത്ത സാധാരണ നടപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തിയ സമ്മര്‍ദത്തിന് സാബു എം ജേക്കബ് വഴങ്ങുകയായിരുന്നെന്നാണ് ഉയര്‍ന്ന ആരോപണം. സാബു എം ജേക്കബിന്റെ കമ്പനിക്കെതിരെ ഇഡി രണ്ടു തവണ നോട്ടിസ് നല്‍കിയിരുന്നു. കിറ്റെക്‌സ് ഗ്രൂപ്പിനെതിരെ വിദേശ നാണ്യവിനിമയ ചട്ടലംഘനത്തിനാണ് ഇഡി കേസെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് തവണ ഇഡി നോട്ടിസ് അയച്ചു. സാബു എം ജേക്കബ് ഹാജരായിരുന്നില്ല. ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ഇഡി ഓഫിസിലെത്തിയത് എന്നമാണ് പുറത്തുവന്ന വാര്‍ത്ത.
