സ്വന്തം സൈനികരോ അതോ കന്നുകാലികളോ? ഉത്തരവ് ലംഘിച്ചാല്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് മരത്തില്‍ കെട്ടിത്തൂക്കും! കൊടുംതണുപ്പില്‍ മഞ്ഞുകട്ട തീറ്റിക്കും! യുക്രെയ്‌നെ നേരിടുന്ന റഷ്യന്‍ സൈനികര്‍ കമാന്‍ഡര്‍മാരില്‍ നിന്നും നേരിടുന്നത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകള്‍

Update: 2026-01-27 13:06 GMT

ഒഡേസ: റഷ്യ-യുക്രെയ്ന്‍ യുദ്ധം നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ റഷ്യന്‍ കമാന്‍ഡര്‍മാരുടെ ക്രൂരതയുടെ വാര്‍ത്തകളും പുറത്തുവരികയാണ്. അതുപക്ഷേ ശത്രുക്കള്‍ക്ക് നേരെയല്ല മറിച്ച സ്വന്തം സൈനികര്‍ക്ക് നേരെ റഷ്യ നടത്തുന്ന ക്രൂരതയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. യുദ്ധമുഖത്ത് ഉത്തരവുകള്‍ ധിക്കരിക്കുകയും ഡ്യൂട്ടിയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയും ചെയ്ത റഷ്യന്‍ സൈനികരെ ക്രൂരമായി ശിക്ഷിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അതിശൈത്യത്തില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് മരത്തില്‍ തലകീഴായി കെട്ടിത്തൂക്കിയ നിലയിലാണ് സൈനികരെ ദൃശ്യങ്ങളില്‍ കാണുന്നത്. ഒരു സൈനികനെ കൊടുംതണുപ്പില്‍ മഞ്ഞുകട്ട തിന്നാന്‍ നിര്‍ബന്ധിക്കുന്നതും കമാന്‍ഡര്‍മാരുടെ ഭാഗത്തുനിന്ന് മനുഷ്യത്വരഹിതമായ പെരുമാറ്റം ഉണ്ടാകുന്നതും ഈ വീഡിയോയിലുണ്ട്.

യുദ്ധമുഖത്ത് അടുത്തിടെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തണുത്തുവിറച്ച് ഭയചകിതരായി നില്‍ക്കുന്ന സൈനികരുടെ വിന്റര്‍ യൂണിഫോം ഊരിമാറ്റിയ നിലയിലാണ്. 'നിങ്ങള്‍ക്ക് ജോലി ചെയ്യണം, ഒഴിഞ്ഞുമാറരുത്. എവിടെ പോകണമെന്ന് ഞാന്‍ പറഞ്ഞിരുന്നോ?' എന്ന് കമാന്‍ഡര്‍ ഒരു സൈനികനോട് രോഷത്തോടെ ചോദിക്കുന്നതും 'ക്ഷമിക്കണം, ഇനി ആവര്‍ത്തിക്കില്ല' എന്ന് സൈനികന്‍ കേഴുന്നതും വീഡിയോയിലുണ്ട്. മഞ്ഞുകട്ട വായിലേക്ക് തിരുകിക്കൊണ്ട്, കമാന്‍ഡര്‍ രോഷാകുലനായി അസഭ്യം വിളിക്കുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം.

ആക്രമണങ്ങളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനാണ് ഈ ശിക്ഷയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുക്രെയ്‌നുമായുള്ള സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് റഷ്യന്‍ സൈന്യത്തിനുള്ളിലെ ക്രൂരതയുടെ ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്. റഷ്യന്‍ സൈന്യത്തിലെ കമാന്‍ഡര്‍മാര്‍ പുതിയ പീഡനമുറകള്‍ നടപ്പിലാക്കുകയാണെന്ന് യുക്രെയ്ന്‍ മാധ്യമങ്ങളായ ബുട്ടുസോവ് പ്ലസ്, വാര്‍ ആര്‍ക്കൈവ്, നെവ്‌സോറോവ് ടെലിഗ്രാം ചാനല്‍ എന്നിവ ആരോപിച്ചു. 'റഷ്യ ആളുകളെ കന്നുകാലികളാക്കി മാറ്റുന്നു, കാരണം മൃഗങ്ങള്‍ മാത്രമേ ഒന്നും മിണ്ടാതെ ഉത്തരവുകള്‍ അനുസരിക്കൂ,' ബുട്ടുസോവ് പ്ലസ് അഭിപ്രായപ്പെട്ടു.

സമാധാന ചര്‍ച്ചകള്‍ ഒരുവശത്ത് നടക്കുന്നുണ്ടെങ്കിലും റഷ്യ ആക്രമണം നടത്തുണ്ട്. ഖാര്‍കിവ് നഗരത്തിന് നേരെ നടന്ന കനത്ത ആക്രമണത്തില്‍ നഗരത്തിന്റെ 80 ശതമാനവും വൈദ്യുതി ബന്ധം തകര്‍ന്നു. ഒഡേസയിലെ തുറമുഖ നഗരത്തില്‍ ജനവാസ മേഖലകളിലേക്ക് റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ 86 വയസ്സുള്ള വൃദ്ധയടക്കം നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. 'ഒഡേസ ഒരു റഷ്യന്‍ നഗരമാണെന്ന് പറയുന്നവര്‍ തന്നെ അവിടുത്തെ ജനങ്ങളെ മനഃപൂര്‍വ്വം കൊന്നൊടുക്കുകയാണ്,' എന്ന് യുക്രെയ്‌നിയന്‍ മാധ്യമപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.

Tags:    

Similar News