നാഗലാന്‍ഡ് ഗവര്‍ണര്‍ എല്‍. ഗണേശന്‍ അന്തരിച്ചു; വിടവാങ്ങിയത് തമിഴ്‌നാട് ബിജെപി മുന്‍ പ്രസിഡന്റ്

നാഗലാന്‍ഡ് ഗവര്‍ണര്‍ എല്‍. ഗണേശന്‍ അന്തരിച്ചു; വിടവാങ്ങിയത് തമിഴ്‌നാട് ബിജെപി മുന്‍ പ്രസിഡന്റ്

Update: 2025-08-15 15:22 GMT

ചെന്നൈ: നാഗാലാന്‍ഡ് ഗവര്‍ണര്‍ ലാ ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് 6:23 ഓടെയായിരുന്നു അന്ത്യം. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഒരാഴ്ചയായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഈ മാസം 8ന് ഇദ്ദേഹം ടി നഗറിലെ വീട്ടില്‍ വെച്ച് വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. തമിഴ്‌നാട് ബിജെപി മുന്‍ പ്രസിഡന്റ് ആയിരുന്നു.

ആര്‍എസ്എസ്സില്‍ സജീവമായിരുന്ന ഇദ്ദേഹം പിന്നീട് ബിജെപി ദേശീയ വൈസ് പ്രസിഡന്റായി. കേരളത്തിന്റെ ചുമതലയും വഹിച്ചിരുന്നു. 2021 മുതല്‍ 2023 വരെ മണിപ്പൂര്‍ ഗവര്‍ണര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ നിന്ന് രാജ്യസഭാ എംപി ആയി. 2023 ഫെബ്രുവരി മുതലാണ് നാഗലാന്‍ഡ് ഗവര്‍ണര്‍ ആയി ചുമതലയേറ്റത്.

ബിജെപിയിലെ മുതിര്‍ന്ന പ്രവര്‍ത്തകനും ബഹുമാന്യ നേതാവുമായിരുന്ന ഗണേശന്‍ പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ പാര്‍ട്ടിയുടെ നിര്‍ണായക നേതൃസ്ഥാനങ്ങള്‍ അലങ്കരിച്ചു. ബിജെപിയുടെ തമിഴ്നാട് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സംഘാടകമികവും താഴേക്കിടയിലുള്ള ആഴത്തിലുള്ള ബന്ധവും പാര്‍ട്ടിയോടുള്ള വിശ്വസ്തതയും ഗണേശനെ വ്യത്യസ്തനാക്കി. തമിഴ്നാട്ടില്‍ പാര്‍ട്ടിയെ ശക്തമാക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചു.

1945 ല്‍ തഞ്ചാവൂരില്‍ ജനിച്ച ഗണേശന്‍ ഹിന്ദു മുന്നണിയില്‍ ആകൃഷ്ടനായാണ് പിന്നീട് ബിജെപിയിലെത്തിയത്. 2023 ലാണ് നാഗലാന്‍ഡ് ഗവര്‍ണറായി നിയുക്തനായത്. അതിനുമുന്‍പ് മണിപ്പുര്‍ ഗവര്‍ണറായും പശ്ചിമബംഗാള്‍ ഗവര്‍ണറായി ഹ്രസ്വകാലത്തേക്കും സേവനമനുഷ്ഠിച്ചു.

Similar News