വിവാഹിതയായ സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപണം; കര്‍ണാടകയില്‍ 27കാരനെ യുവതിയുടെ ബന്ധുക്കള്‍ കെട്ടിയിട്ട് അടിച്ചു കൊന്നു
യുവാവിനെ കെട്ടിയിട്ട് അടിച്ചുകൊന്നു
ബെംഗളൂരു: വിവാഹിതയായ സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കര്‍ണാടകയില്‍ യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ഗൗണഗാവ് സ്വദേശിയായ വിഷ്ണു (27) ആണ് കൊല്ലപ്പെട്ടത്. സ്ത്രീയുടെ ബന്ധുക്കള്‍ യുവാവിനെ തൂണില്‍ കെട്ടിയിട്ട ശേഷം മര്‍ദിച്ച് കൊലപ്പെടുത്തുക ആയിരുന്നു. സംഭവത്തില്‍ യുവതിയുടെ സഹോദരന്‍ ഗജാനന്‍ (29), പിതാവ് അശോക് (60) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
കര്‍ണാടകയിലെ ബീദര്‍ ജില്ലയില്‍ ഈമാസം 21-ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. ഗ്രാമത്തില്‍ ഒരാളെ കെട്ടിയിട്ട് മര്‍ദിക്കുന്നതായി ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. തുടര്‍ന്ന് പോലീസെത്തുമ്പോള്‍ വിഷ്ണു അബോധാവസ്ഥയിലായിരുന്നു. ശരീരത്തില്‍ ഒട്ടേറെ പരിക്കുകളുമുണ്ടായിരുന്നു. ഇയാളെ ആദ്യം ചിന്തകി സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തില്‍ വിഷ്ണുവിന്റെ അമ്മ ലക്ഷ്മി ആണ് പോലീസില്‍ പരാതി നല്‍കിയത്. വിഷ്ണുവിനെ യുവതിയുടെ അച്ഛനും സഹോദരനും ചേര്‍ന്നാണ് മര്‍ദിച്ചത്. തുടര്‍ന്ന് വലിച്ചിഴച്ച് കെട്ടിയിട്ടശേഷം വടികൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വിവാഹിതയായ സ്ത്രീയുമായി വിഷ്ണുവിന് ഒരുവര്‍ഷമായി ബന്ധമുണ്ടായിരുന്നെന്ന് ലക്ഷ്മി നല്‍കിയ പരാതിയിലുണ്ട്. യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് വിഷ്ണുവിനൊപ്പം താമസിക്കാന്‍ പോയിരുന്നു. ഈ ബന്ധത്തെക്കുറിച്ച് അവരുടെ കുടുംബത്തിനും അറിവുണ്ടായിരുന്നു. എന്നാല്‍ മൂന്നുമാസംമുന്‍പ് യുവതി സ്വന്തം വീട്ടിലേക്ക് തിരികെപ്പോയി. യുവതിയെ കാണാനായി രണ്ട് പരിചയക്കാര്‍ക്കൊപ്പം വിഷ്ണു അവരുടെ നാട്ടിലേക്ക് പോയപ്പോഴാണ് കൊലപാതകം നടന്നത്.