കോളജ് വിദ്യാര്‍ഥിനിക്കു നേരെ ആസിഡ് ആക്രമണം നടത്തിയെന്ന പരാതി വ്യാജം; യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ നടത്തിയ നാടകം: പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് പോലിസ്

കോളജ് വിദ്യാര്‍ഥിനിക്കു നേരെ ആസിഡ് ആക്രമണം നടത്തിയെന്ന പരാതി വ്യാജം

Update: 2025-10-28 03:55 GMT

ന്യൂഡല്‍ഹി: കോളജ് വിദ്യാര്‍ഥിനിക്കു നേരെ ആസിഡ് ആക്രമണം നടത്തിയെന്ന പരാതി വ്യാജമെന്ന് പോലിസ്. യുവാവിനെ കള്ളക്കേസില്‍ പെടുത്താന്‍ യുവതിയുടെ കുടുംബം തയാറാക്കിയ നാടകമാണ് ആസിഡ് ആക്രമണമെന്നു പൊലീസ് പറഞ്ഞു. യുവാവിനെതിരെ കള്ളക്കേസ് നല്‍കിയ പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു. അക്കീല്‍ ഖാന്‍ എന്നയാളാണ് പിടിയിലായത്.

ആസിഡ് വീണ് ഇരു കൈകള്‍ക്കും പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ പരാതിയില്‍ പറയുന്ന യുവാവിന് ഇതില്‍ പങ്കില്ല. വീട്ടുകാര്‍ തന്നെ പെണ്‍കുട്ടിയുടെ കയ്യില്‍ മനഃപൂര്‍വം പൊള്ളലേല്‍പിച്ചതാണെന്നും സംശയമുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെയും കേസെടുക്കുമെന്നും വേണ്ടിവന്നാല്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് പെണ്‍കുട്ടിയുടെ കുടുംബവുമായി ബന്ധമുള്ള ജിതേന്ദര്‍ എന്നയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കൂട്ടുപ്രതികളെന്നു പെണ്‍കുട്ടി പറഞ്ഞ ഇഷാന്‍, അര്‍മാന്‍ എന്നിവര്‍ ഒളിവിലായിരുന്നു.

കേസില്‍ ആദ്യം മുതല്‍ തെളിവുകളുടെ അഭാവം പൊലീസിനെ കുഴപ്പിച്ചിരുന്നു. അശോക് വിഹാറില്‍ പെണ്‍കുട്ടിക്കു നേരെ ആക്രമണം നടക്കുന്ന സമയത്തു ജിതേന്ദറിന്റെ ഫോണ്‍ ലൊക്കേഷന്‍ കരോള്‍ ബാഗ് ആയതാണു പൊലീസിനു കൂടുതല്‍ സംശയം തോന്നാനിടയാക്കിയത്.

Tags:    

Similar News