ശ്രേയസ് അയ്യരെ ഐസിയുവില്‍ നിന്ന് മാറ്റി; അപകടനില തരണം ചെയ്തു; ഒരാഴ്ച ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് സൂചന

ശ്രേയസ് അയ്യരെ ഐസിയുവില്‍ നിന്ന് മാറ്റി

Update: 2025-10-27 18:28 GMT

സിഡ്നി: ഇന്ത്യന്‍ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അപകടനില തരണം ചെയ്തു. സിഡ്നിയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് അദ്ദേഹത്തെ മാറ്റി. എന്നാല്‍, പൂര്‍ണ്ണമായി സുഖം പ്രാപിക്കുന്നതുവരെ അദ്ദേഹത്തിന് ആശുപത്രിയില്‍ തുടരേണ്ടി വരും.

ഞായറാഴ്ച നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിന മത്സരത്തിനിടെയാണ് ശ്രേയസ് അയ്യര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. ഓസ്‌ട്രേലിയന്‍ താരം അലക്‌സ് കാരിയെ പുറത്താക്കാനുള്ള ശ്രമത്തിനിടെ ക്യാച്ച് എടുക്കുന്നതിനിടെയാണ് താരത്തിന്റെ വാരിയെല്ലിന് പരിക്കേറ്റത്. ഇതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ബിസിസിഐ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍, 'ശ്രേയസ് അയ്യരുടെ ഇടതുവശത്തെ വാരിയെല്ലിന് പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ വിലയിരുത്തലിനായി താരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അദ്ദേഹം ചികിത്സയിലാണ്, നിലവില്‍ പ്രത്യേക പ്രശ്‌നങ്ങളൊന്നുമില്ല, സുഖം പ്രാപിച്ചുവരുന്നു,' എന്ന് വ്യക്തമാക്കിയിരുന്നു.

താരത്തിന് അണുബാധ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത്, ഏഴു ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധിക്കൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ, ബിസിസിഐയുടെ മെഡിക്കല്‍ ടീം സിഡ്നിയിലെ വിദഗ്ധ ഡോക്ടര്‍മാരുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്. ടീം ഡോക്ടര്‍ റിസ്വാന്‍ ഖാന്‍ ശ്രേയസിനൊപ്പം ആശുപത്രിയില്‍ തന്നെ തുടരുകയും അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ക്രിക്കറ്റ് ലോകം ശ്രേയസിന്റെ വേഗത്തിലുള്ള തിരിച്ചുവരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു.

---

Tags:    

Similar News