കടയിലെത്തിയ പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം; ചുംബിക്കാന്‍ ശ്രമിച്ചു; ദൃശ്യം പ്രചരിച്ചതോടെ പോക്സോ കേസ്

കടയിലെത്തിയ പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം

Update: 2025-08-25 09:43 GMT

കൊല്‍ക്കത്ത: മധുരപലഹാര കടയിലെത്തിയ പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് മധ്യവയസ്‌കനെതിരേ ബംഗാള്‍ പോലീസ് കേസെടുത്തത്. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

ഹൂഗ്ലി ഉത്തര്‍പാരയിലെ ഒരുകടയില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം വ്യാപകമായി പ്രചരിച്ചതോടെയാണ് ലൈംഗികാതിക്രമം പുറത്തറിഞ്ഞത്. മധുരപലഹാര കടയിലെത്തിയ മൂന്നാംക്ലാസുകാരിക്ക് നേരേ കടയിലെത്തിയ ഉപഭോക്താക്കളിലൊരാള്‍ ലൈംഗികാതിക്രമം നടത്തുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇതോടെ പോലീസ് സംഭവത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.

മുത്തശ്ശിക്കൊപ്പമാണ് പെണ്‍കുട്ടി കടയില്‍വന്നത്. ഇതേസമയം പ്രതിയായ മധ്യവയസ്‌കനും കടയിലെത്തി. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ സമീപിക്കുകയും മോശമായി ദേഹത്ത് സ്പര്‍ശിക്കുകയും തലോടുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

പെണ്‍കുട്ടി ഒഴിഞ്ഞുമാറിയെങ്കിലും ഇയാള്‍ പിന്‍വാങ്ങിയില്ല. വീണ്ടും സമാനരീതിയില്‍ അതിക്രമം തുടര്‍ന്നു. ഇതിനിടെ, കുട്ടിയുടെ മുത്തശ്ശിയും മറ്റുചിലരും കടയിലുണ്ടായിരുന്നെങ്കിലും ഇയാളുടെ അതിക്രമം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടി മുത്തശ്ശിക്കൊപ്പം മടങ്ങുമ്പോഴും ഇയാള്‍ അതിക്രമം തുടര്‍ന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സാമൂഹികമാധ്യമങ്ങളിലും പ്രതിക്കെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Similar News