ഭാര്യയെ കൊന്ന് 17 കഷ്ണങ്ങളാക്കി; ശരീരഭാഗങ്ങള്‍ നഗരത്തില്‍ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചു;അറവു ശാലയ്ക്ക് സമീപത്ത് നിന്നും തല കണ്ടെത്തിയതോടെ യുവതിയെ തിരിച്ചറിഞ്ഞ് മാതാവ്: യുവാവ് അറസ്റ്റില്‍

ഭാര്യയെ കൊന്ന് 17 കഷ്ണങ്ങളാക്കി; യുവാവ് അറസ്റ്റില്‍

Update: 2025-09-06 01:29 GMT

മുംബൈ: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 17 കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ യുവാിവിനെ പോലിസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഭിവാനി നഗരത്തിലെ താമസക്കാരിയായ മുസ്‌കാന്‍ മുഹമ്മദ് താഹ അന്‍സാരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് താഹയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ അമ്മ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. ചോദ്യം ചെയ്യലില്‍ ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കിയതായി ഭര്‍ത്താവ് സമ്മതിച്ചു.

മുസ്‌കാന്റെ ച്ഛേദിച്ച തല ഓഗസ്റ്റ് 30ന് അറവുശാല സ്ഥിതി ചെയ്യുന്ന പ്രദേശത്തിനു സമീപത്തുനിന്ന് കണ്ടെത്തി. മറ്റു ശരീരഭാഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. പ്രതി തുടര്‍ച്ചയായി മൊഴി മാറ്റിപ്പറയുന്നതിനാല്‍ കൊലപാതകത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല. പരിശോധനയ്ക്കായി ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. കൊലപാതകത്തിനു ശേഷം ഭാര്യയുടെ മൃതദേഹം 17 കഷണങ്ങളാക്കി വെട്ടിനുറുക്കിയെന്നും ശരീരഭാഗങ്ങള്‍ നഗരത്തിലുടനീളം ഉപേക്ഷിച്ചതായും താഹ പൊലീസിനോട് വെളിപ്പെടുത്തി.

മകളുടെ ഫോണ്‍ രണ്ടുദിവസമായി സ്വിച്ച് ഓഫ് ആണെന്നും മരുമകനെ വിളിച്ചിട്ട് മറുപടി ലഭിച്ചില്ലെന്നും കാട്ടിയാണ് മുസ്‌കാന്റെ മാതാവ് ഹനീഫ ഖാന്‍ പരാതി നല്‍കിയത്. തുടര്‍ന്നു വേര്‍പെടുത്തിയ നിലയില്‍ കണ്ടെത്തിയ യുവതിയുടെ തലയുടെ ചിത്രം ഹനീഫയെ കാണിച്ചതോടെ ഇവര്‍ മകളെ തിരിച്ചറിയുകയായിരുന്നു.തുടര്‍ന്നാണ് ഭര്‍ത്താവ് താഹയെ പോലിസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കുറ്റം സമ്മതിച്ചെങ്കിലും തുടര്‍ച്ചയായി മൊഴിമാറ്റി പറയുന്നതാണ് പോലിസിനെ കുഴപ്പത്തിലാക്കുന്നത്.

കൊലപാതകത്തിന്റെ ലക്ഷ്യവും കൊല നടന്ന സ്ഥലവും കണ്ടെത്താന്‍ അന്വേഷണം നടന്നുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തിനായും പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. അന്വേഷണത്തിനായി രണ്ട് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്.

Tags:    

Similar News