മുംബൈയില്‍ ഘോഷയാത്രക്കിടെ ഗണേശ വിഗ്രഹം ഇലക്ട്രിക് വയറില്‍ തട്ടി; വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്
മുംബൈ: മുംബൈയില്‍ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെ അപകടം. ഇലക്ട്രിക് വയറില്‍ നിന്നുള്ള ആഘാതമേറ്റ് ഒരാള്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി നഗരസഭാ അധികൃതര്‍ അറിയിച്ചു. സാക്കിനാക പ്രദേശത്തെ ഖൈരാനി റോഡില്‍ ഞായറാഴ്ച രാവിലെ 10.45 ഓടെയാണ് അപകടം.
തൂങ്ങിക്കിടക്കുന്ന വൈദ്യുതി ലൈന്‍ ഗണപതി വിഗ്രഹത്തില്‍ സ്പര്‍ശിച്ചതായും സമീപത്തുള്ള ആറ് ഭക്തര്‍ക്ക് വൈദ്യുതാഘാതമേറ്റതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചില നാട്ടുകാര്‍ പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ മെഡിക്കല്‍ സൗകര്യങ്ങളിലെത്തിച്ചു.
ബിനു സുകുമാരന്‍ (36) മരിച്ചതായി സെവന്‍ ഹില്‍സ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സുഭാന്‍ഷു കാമത്ത് (20), തുഷാര്‍ ഗുപ്ത (20), ധര്‍മരാജ് ഗുപ്ത (49), കരണ്‍ കനോജിയ (14), അനുഷ് ഗുപ്ത (6) എന്നീ അഞ്ച് പേര്‍ ചികില്‍സയിലാണ്. ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ പറഞ്ഞു.