ആന്ധ്രാപ്രദേശിലെ സബ്ബ് ജയിലില്‍ വാര്‍ഡനെ ആക്രമിച്ച് രണ്ട് വിചാരണ തടവുകാര്‍ രക്ഷപ്പെട്ടു

ആന്ധ്രാപ്രദേശിലെ സബ്ബ് ജയിലില്‍ വാര്‍ഡനെ ആക്രമിച്ച് രണ്ട് വിചാരണ തടവുകാര്‍ രക്ഷപ്പെട്ടു

Update: 2025-09-07 12:38 GMT

ആന്ധ്രപ്രദേശ്: ആന്ധ്രാപ്രദേശിലെ ചോടാവരം സബ് ജയിലില്‍ വാര്‍ഡനെ ആക്രമിച്ച് രണ്ട് വിചാരണ തടവുകാര്‍ രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഹെഡ് വാര്‍ഡനെ ചുറ്റിക കൊണ്ട് ആക്രമിച്ച ശേഷം സാഹസികമായി രക്ഷപ്പെടുകയായിരുന്നു. പെന്‍ഷന്‍ ഫണ്ട് ദുരുപയോഗം ചെയ്ത കേസില്‍ ആരോപണവിധേയനായി ജയിലിലടക്കപ്പെട്ട മുന്‍ പഞ്ചായത്ത് സെക്രട്ടറി നക്ക രവികുമാര്‍, വൈകുന്നേരം നാലോടെ ജയില്‍ അടുക്കളയില്‍ വെച്ച് ഹെഡ് വാര്‍ഡന്‍ വാസ വീരരാജുവിനെ അകാരണമായി ആക്രമിക്കുകയായിരുന്നു.

വാര്‍ഡറെ ചുറ്റിക കൊണ്ട് അടിച്ച് താക്കോല്‍ തട്ടിയെടുത്ത ശേഷം രവികുമാര്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ മറവില്‍ ജയില്‍ അടുക്കളയില്‍ സഹായിയായിരുന്ന മോഷണക്കുറ്റത്തിന് വിചാരണ നേരിടുന്ന മറ്റൊരു പ്രതിയായ ബേസവാഡ രാമുവും രവികുമാറിനൊപ്പം രക്ഷപ്പെട്ടു. ജയില്‍ അധികൃതര്‍ ഉടന്‍ അലാറം മുഴക്കുകയും പരിസര പ്രദേശങ്ങളില്‍ വിപുലമായ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു.

ജയിലിനു ചുറ്റും സുരക്ഷ ശക്തമാക്കുകയും അയല്‍ സ്റ്റേഷനുകളില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ ഹെഡ് വാര്‍ഡന്‍ വാസ വീരരാജു ചികില്‍സയിലാണ്. പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ പെന്‍ഷന്‍ ഫണ്ടിലെത്തിയ തുക തിരിമറി നടത്തിയെന്ന കുറ്റത്തിന് കേസെടുത്താണ് നക്ക രവികുമാറിനെ വിചാരണ തടവുകാരനായി സബ് ജയിലിലടച്ചിരുന്നത്, അതേസമയം രാമു മോഷണക്കേസുമായി ബന്ധപ്പെട്ട് വിചാരണത്തടവുകാരനായിരുന്നു.എത്രയും വേഗം ജയില്‍ചാടിയ പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Similar News