ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രക്ക് നേരെ കല്ലേറിന് പിന്നാലെ സംഘര്‍ഷം; മദ്ദൂരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച് പൊലീസ്
ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രക്ക് നേരെയുണ്ടായ കല്ലേറിന് പിന്നാലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ കര്‍ണാടകത്തിലെ മദ്ദൂരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച് പൊലീസ്. ഞായറാഴ്ച വൈകീട്ട് മദ്ദൂര്‍ നഗരത്തിലെ റാം റഹിം നഗറില്‍ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രക്ക് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായതെന്ന് മാണ്ഡ്യ പൊലീസ് പറഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി.
പ്രകോപിതരായ ജനക്കൂട്ടം ചില ആരാധനാലയങ്ങള്‍ക്കു നേരെ ആക്രമണമഴിച്ചുവിട്ടു. പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി. ഞായറാഴ്ച വൈകീട്ട് എട്ടോടെയായിരുന്നു സംഭവം. ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ 21 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കനത്ത സുരക്ഷയിലാണ് പോലീസ് ഗണേശ നിമജ്ജനം നടത്തിയത്.
ഇതിനിടെ ഒരുവിഭാഗം ആളുകള്‍ സമീപത്തെ ആരാധനാലയത്തിന് മുന്നില്‍ പ്രതിഷേധത്തിന് ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. തുടര്‍ന്ന് എസ്.പി മല്ലികാര്‍ജുന്‍ ബാലദന്ദി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
സാമുദായിക സാഹോദര്യത്തെ തകര്‍ക്കുന്ന ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് കര്‍ശന നിര്‍ദേശം നല്‍കി. സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഒരു നീക്കവും നടത്തരുതെന്ന് പൊലീസ് പ്രദേശവാസികളോട് ആവശ്യപ്പെട്ടു. സാധാരണ നില പുനഃസ്ഥാപിക്കുന്നതിന് നിയമപാലകരുമായി സഹകരിക്കണമെന്ന് ജില്ല ഭരണകൂടം ഇരു സമുദായങ്ങളോടും അഭ്യര്‍ത്ഥിച്ചു.