കന്യാകുമാരിയിലെ കണ്ണാടിപ്പാലത്തില്‍ വിള്ളല്‍; വിനോദ സഞ്ചാരികള്‍ക്ക് പരിഭ്രാന്തി വേണ്ടെന്ന് ജില്ല ഭരണകൂടം
നാഗര്‍കോവില്‍: കന്യാകുമാരിയിലെ കണ്ണാടിപ്പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതില്‍ വിനോദ സഞ്ചാരികള്‍ക്ക് പരിഭ്രാന്തി വേണ്ടെന്ന് ജില്ല ഭരണകൂടം. വിവേകാനന്ദപ്പാറയെയും തിരുവള്ളുവര്‍ പ്രതിമയെയും ബന്ധിപ്പിക്കാനായി പണിത കണ്ണാടിപ്പാലത്തിന്റെ ഒരു പാളിയിലാണ് വിള്ളല്‍ രൂപപ്പെട്ടത്. കണ്ണാടിപ്പാലത്തിലെ വിള്ളല്‍ വിനോദ സഞ്ചാരികള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തിയിരുന്നു. വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് പൂം പുകാര്‍ ഷിപ്പിങ് കോര്‍പറേഷന്‍ അധികൃതര്‍ ആ ഭാഗം അതിര് തിരിച്ച് ആ ഭാഗം വഴി സഞ്ചാരികള്‍ നടന്നു പോകുന്നത് തടഞ്ഞു.
എന്നാല്‍ കണ്ണാടിപ്പാലത്തിലെ ഒരു ഗ്ലാസില്‍ ഉണ്ടായ വിള്ളല്‍ ആഗസ്റ്റ് മാസം നടന്ന അറ്റകുറ്റ പണികള്‍ക്കിടയില്‍ ചുറ്റിക വീണ് ഉണ്ടായ വിള്ളല്‍ ആണെന്നും ഇതില്‍ വിനോദ സഞ്ചാരികള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. വിള്ളല്‍ കണ്ടയുടന്‍ കേടായ ഗ്ലാസ് മാറ്റുന്നതിനായി ചെന്നൈയിലെ ബന്ധപ്പെട്ട കമ്പനിയുമായി സംസാരിച്ചു. തുടര്‍ന്ന് അവര്‍ ഗ്ലാസ് അയച്ചു തന്നിട്ടുണ്ട്. ഇത് ഉറപ്പിക്കാന്‍ മതിയായ ത്രിഫേസ് വൈദ്യുത ലൈന്‍ പാലമുള്ള സ്ഥലത്ത് ലഭ്യമില്ലാത്തതിനാല്‍ ജനറേറ്റര്‍ എത്തിച്ച് താമസിയാതെ ഗ്ലാസ് മാറ്റി സ്ഥാപിക്കുമെന്നും അറിയിച്ചു.
കണ്ണാടിപ്പാലം 2025 ജനുവരിയില്‍ ഉദ്ഘാടനം കഴിഞ്ഞ ശേഷം ഇതുവരെ 17.50 ലക്ഷം പേര്‍ വിവേകാനന്ദപ്പാറയും തിരുവള്ളുവര്‍പ്പാറയും കാണാന്‍ കണ്ണാടിപ്പാലം വഴി കടന്നു പോയതായാണ് കണക്കുകള്‍ പറയുന്നത്. ഓണാവധിക്കാലത്ത് അഞ്ച് മുതല്‍ ഏഴുവരെ 38000 പേര്‍ കണ്ണാടിപ്പാലം കടന്ന് പോയിട്ടുണ്ട്. അതില്‍ പതിനായിരത്തോളം പേര്‍ ഓണ്‍ലൈന്‍ ബുക്കിങ് ഉപയോഗിച്ചാണ് ബോട്ട് യാത്ര നടത്തിയതെന്ന് പൂംപുകാര്‍ ഷിപ്പിങ്ങ് കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.