'സഹോദര രാജ്യമായ ഖത്തറിന്റെ പരമാധികാര ലംഘനത്തെ ഇന്ത്യ അപലപിക്കുന്നു'; ഖത്തര്‍ അമീറുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. സമാധാനത്തിനായി ഉറച്ച പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ അല്‍താനിയെ ഫോണില്‍ വിളിച്ച് സംസാരിച്ചു.
'ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി സംസാരിക്കുകയും ദോഹയിലെ ആക്രമണങ്ങളില്‍ അഗാധമായ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. സഹോദര രാഷ്ട്രമായ ഖത്തറിന്റെ പരമാധികാര ലംഘനത്തെ ഇന്ത്യ അപലപിക്കുന്നു. ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനെയും, സംഘര്‍ഷം ഒഴിവാക്കുന്നതിനെയും ഞങ്ങള്‍ പിന്തുണയ്ക്കുന്നു. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഒപ്പം, ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങള്‍ക്കും ഭാവങ്ങള്‍ക്കും എതിരായും ഇന്ത്യ ഉറച്ചുനില്‍ക്കുന്നു' പ്രധാന മന്ത്രി എക്സിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടുകൊണ്ട് ഇസ്രയേല്‍ ദോഹയില്‍ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടതായി ഇതുവരെ സ്ഥിരീകരണമില്ല. നേതാക്കള്‍ രക്ഷപ്പെട്ടതായാണ് ഹമാസിന്റെ അവകാശവാദം.
ജറുസലേമിന് സമീപം ആറ് പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തതിനു തൊട്ടുപിന്നാലെയാണ് ചൊവാഴ്ച വൈകീട്ടോടെ ദോഹയിലേക്ക് ഇസ്രയേല്‍ വ്യോമാക്രമണം നടന്നത്. ഹമാസിന്റെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണമെന്നാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് സ്ഥിരീകരിച്ചത്. ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഖലീല്‍ അല്‍ ഹയ്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സുരക്ഷിതരാണ് എന്ന് ഹമാസ് പറയുന്നു.