പ്രണയം യഥാര്‍ത്ഥമെങ്കില്‍ വിഷം കുടിച്ച് തെളിയിക്കണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍; വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ യുവാവിന് ദാരുണാന്ത്യം
പ്രണയം തെളിയിക്കാന്‍ വിഷം കഴിച്ച യുവാവ് മരിച്ചു
ഛത്തീസ്ഗഡ്: പ്രണയം തെളിയിക്കാനായി കാമുകിയുടെ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം വിഷം കഴിച്ച യുവാവ്് ദാരുണമായി മരിച്ചു. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. ദിയോപാഹ്രി ഗ്രാമവാസിയായ കൃഷ്ണകുമാര്‍ പാണ്ഡോ (20) ആണ് മരിച്ചത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ യുവാവിനെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു.
സോനാരിയില്‍ താമസിക്കുന്ന ഒരു പെണ്‍കുട്ടിയുമായി കൃഷ്ണകുമാര്‍ പ്രണയത്തിലായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍, യുവാവിനോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 25ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ അവളോട് യഥാര്‍ഥ പ്രണയമുണ്ടെങ്കില്‍ വിഷം കഴിച്ച് തെളിയിക്കാന്‍ ബന്ധുക്കള്‍ കൃഷ്ണകുമാറിനോടു പറഞ്ഞു.
ഇവര്‍ പറഞ്ഞതനുസരിച്ച് യുവാവ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ വിഷം കഴിക്കുകയും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് ഈ വിവരം സ്വന്തം വീട്ടുകാരെ അറിയിക്കുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായ ഇയാള്‍ ചികിത്സയില്‍ കഴിയവെ മരണത്തിനു കീഴടങ്ങി. യുവാവ് മരിച്ചതിന് പിന്നാലെ ഇയാളുടെ വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കി.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ വിഷം കഴിക്കാന്‍ പ്രേരിപ്പിച്ചു എന്ന് ആരോപിച്ചാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.