ഹരിയാനയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയില്‍ എസ്പിക്ക് സ്ഥലംമാറ്റം; നേരിട്ടത് ജാതി വിവേചനവുമെന്ന ആരോപണവുമായി കുടുംബം
ഹരിയാനയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയില്‍ എസ്പിക്ക് സ്ഥലംമാറ്റം
ന്യൂഡല്‍ഹി: ഹരിയാനയിലെ പൊലീസ് ഉദ്യോഗസ്ഥന്‍ വൈ പൂരണ്‍ കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ റോഹ്തക് എസ്പി നരേന്ദ്ര ബിജാര്‍നിയയെ സ്ഥലംമാറ്റി. പൂരണ്‍ കുമാറിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചവരില്‍ ഒരാളാണ് ബിജാര്‍നിയയെന്ന് ഭാര്യ അംനീത് ആരോപിച്ചിരുന്നു. ഡിജിപിക്കെതിരെ ഉള്‍പ്പടെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പരാതി നല്‍കിയിട്ടുണ്ട്.
ഡിജിപി ശത്രുജീത് സിംഗ് കപൂറിനും റോഹ്തക് പൊലീസ് സൂപ്രണ്ട് നരേന്ദ്ര ബിജാര്‍ണിയക്കും എതിരെയാണ് അന്തരിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ വൈ പൂരണ്‍ കുമാറിന്റെ ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയുമായ അംനീത് പി കുമാര്‍ പരാതി നല്‍കിയത്. ഹരിയാന സര്‍ക്കാരിന്റെ വിദേശ സഹകരണ വകുപ്പ് കമ്മീഷണറും സെക്രട്ടറിയുമാണ് അംനീത്.
ജാതിയുടെ പേരില്‍ തന്റെ ഭര്‍ത്താവിനെ അധിക്ഷേപിച്ചു എന്നും, ഇത് ആത്മഹത്യയിലേക്ക് നയിച്ചു എന്നും അംനീത് പരാതിയില്‍ പറയുന്നു. ഡിജിപിക്കും എസ്പിക്കുമെതിരെ 'പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരമുള്ള' വകുപ്പുകള്‍ ചുമത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി നയാബ് സൈനിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തോടൊപ്പം ജപ്പാനിലായിരിക്കുമ്പോഴാണ് ചണ്ഡീഗഡിലെ സെക്ടര്‍ 11-ലെ വസതിയില്‍ വെച്ച് ഭര്‍ത്താവ് പൂരണ്‍ കുമാര്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചത്. ബേസ്‌മെന്റിലാണ് അദ്ദേഹത്തിന്റെ മകള്‍ മൃതദേഹം കണ്ടെത്തിയത്. പൊലീസ് കണ്ടെടുത്ത എട്ട് പേജുള്ള കുറിപ്പില്‍, 2001 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ പൂരണ്‍ കുമാര്‍, സര്‍വീസിലുള്ളവരും വിരമിച്ചവരുമായ 10 ഓളം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ മാനസികമായി പീഡിപ്പിച്ചു എന്ന് ആരോപിക്കുന്നുണ്ട്.
ഡിജിപി ശത്രുജീത് സിംഗ് കപൂറിനെയും എസ്പി നരേന്ദ്ര ബിജാര്‍ണിയയെയും ഉടന്‍ അറസ്റ്റ് ചെയ്യണം എന്നും, ഇവര്‍ക്ക് സ്വാധീനമുള്ള സ്ഥാനങ്ങള്‍ ഉള്ളതിനാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്നും അംനീത് പരാതിയില്‍ പറയുന്നു.