പാക് വിമാനങ്ങള്‍ക്കുള്ള വ്യോമപാത വിലക്ക് നീട്ടി; ഇന്ത്യന്‍ തീരുമാനം പാക് നിലപാടിന് പിന്നാലെ

Update: 2025-09-23 04:56 GMT

ന്യൂഡല്‍ഹി: പാക് വിമാനങ്ങള്‍ക്കുള്ള വ്യോമപാത വിലക്ക് ഒക്ടോബര്‍ 23 നീട്ടി ഇന്ത്യ. സെപ്തംബര്‍ 24 വരെ കാലാവധി അവസാനിരിക്കെയാണ് നടപടി. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളുമായി ഉണ്ടായ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഏപ്രില്‍ 30 നാണ് പാക് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. പാകിസ്ഥാന്‍ കമ്പനികളുടെ വിമാനങ്ങള്‍ക്കും പാക് ഉടമസ്ഥതയിലുള്ള സൈനിക, സിവിലിയന്‍ വിമാനങ്ങള്‍ക്കുമാണ് നിരോധനം. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വ്യോമപാത വിലക്ക് പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം നീട്ടിയിരുന്നു.

പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചത്. വിമാനങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചുപൂട്ടിയതിനെ തുടര്‍ന്നാണ് വന്‍ നഷ്ടമാണ് സംഭവിച്ചതെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. നൂറ്റിയമ്പതോളം ഇന്ത്യന്‍ വിമാനങ്ങളാണ് ഓരോ ദിവസവും പാക്കിസ്ഥാന്റെ വ്യോമപാതയിലൂടെ ദിനംപ്രതി മറ്റു രാജ്യങ്ങളിലേക്കു പോയിരുന്നത്.

Similar News