സലൂണിന്റെ കൗണ്ടറിലെ പൂജാ തളികയിൽ കൈ വെച്ചു; റിസപ്ഷനിസ്റ്റിന്റെ കണ്ണ് വെട്ടിച്ച് പണം ഒരു തുണിയിൽ പൊതിഞ്ഞു; ഒന്നും അറിയാത്ത പോലെ പുറത്തേക്ക് നടന്നു; കള്ളനെ കണ്ടിട്ടും സെക്യൂരിറ്റി പ്രതികരിച്ചില്ലെന്ന് നെറ്റിസൺസ്; വൈറലായി വീഡിയോ
ദില്ലി: ഒരു സലൂണിന്റെ റിസപ്ഷൻ കൗണ്ടറിൽ വെച്ച പൂജാ തളികയിൽ നിന്ന് ഒരാൾ പണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. 'ഘർ കെ കലേഷ്' എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചത്. ഒരു ലക്ഷത്തിലധികം ആളുകൾ കണ്ട ഈ ദൃശ്യങ്ങളിൽ, റിസപ്ഷനിസ്റ്റ് മറ്റൊരു വ്യക്തിയുമായി സംസാരിക്കുന്നതിനിടയിൽ, ഒരാൾ പതുക്കെ പണം തളികയിൽ നിന്ന് എടുക്കുന്നത് കാണാം.
മോഷ്ടാവായ വ്യക്തി പണം ഒരു തുണിയിൽ പൊതിഞ്ഞ ശേഷം തിരിഞ്ഞു നടന്ന് അത് ഒളിപ്പിക്കാൻ ശ്രമിക്കുകയും തുടർന്ന് മറ്റൊരാളോടൊപ്പം സംശയകരമായി പുറത്തേക്ക് പോകുകയുമാണ് ചെയ്യുന്നത്. വീഡിയോ കണ്ട പലരും സംഭവത്തിൽ സെക്യൂരിറ്റി ഗാർഡിന്റെ പങ്കിനെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. മോഷ്ടാവിന്റെ പ്രവൃത്തി കണ്ടിട്ടും ഗാർഡ് അത് തടയാൻ ശ്രമിക്കാതെ തന്റെ സ്ഥാനത്തേക്ക് തിരികെ പോകുന്നതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാക്കുന്നു.
'സെക്യൂരിറ്റി ഗാർഡ് കള്ളനെ കണ്ടു, പക്ഷെ പ്രതികരിച്ചില്ല,' എന്ന് ഒരാൾ കമന്റ് ചെയ്തു. ഈ സംഭവം പൊതുമര്യാദയുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും അഭാവത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. 'ഈ കഴിവുകൾ നല്ല കാര്യങ്ങൾക്ക് ഉപയോഗിച്ചിരുന്നെങ്കിൽ ഇന്ന് ഇന്ത്യ ഇതിലും മികച്ച സ്ഥാനത്തായിരുന്നേനെ,' എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. ചില ഉപയോക്താക്കൾ ഈ സംഭവത്തെ 'വിശ്വാസത്തോടും വിശ്വസ്തതയോടുമുള്ള വഞ്ചന' എന്ന് വിശേഷിപ്പിച്ചു.